പന്തളം: ഭരണഘടനാ സ്ഥാപനങ്ങളെ കൈപ്പിടിയിൽ ഒതുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന്.സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി.ഗോവിന്ദൻ പറഞ്ഞു. കേരളാസ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. കോടതിയെയും ഇലക്ഷൻ കമ്മിഷനെയുമെല്ലാം സ്വന്തം വരുതിയിലാക്കുക എന്ന ലക്ഷ്യമാണ് ഇവർക്കുള്ളത്. ആർ.എസ്.എസ് രൂപീകരണ കാലത്ത് ഉയർത്തിയ മുദ്രാവാക്യമാണ് ഹിന്ദു രാഷ്ട്രം എന്നത്. അധികാരത്തിലേറിയപ്പോൾ അതിനാണ് ശ്രമിക്കുന്നതും. അത് ഇന്ത്യയിൽ നടപ്പാകില്ല. ആർ.എസ്.എസ് ലക്ഷ്യമിടുന്ന ഹിന്ദു രാഷ്ട്രം സവർണ്ണർക്ക് വേണ്ടിയുള്ളതാണ്. പൗരത്വ രജിസ്റ്റർ കേരളത്തിൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതോടെ 13 സംസ്ഥാനങ്ങൾ അതിനോട് യോജിച്ച് ഇടതുപക്ഷ ബദൽ ശക്തിപ്പെടുത്തി. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് യോജിച്ച പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും അദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.എസ്.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ.അനന്തഗോപൻ, കെ.യു.ജനീഷ് കുമാർ എം.എൽ.എ, ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ ടി.ഡി. ബൈജു. അഡ്വ. ആർ.സനൽകുമാർ, കെ.എസ്.കെ.ടി.യു. ജില്ലാ സെക്രട്ടറി സി.രാധാകൃഷ്ണൻ, സ്വാഗത സംഘം ചെയർമാൻ ഇ.ഫസൽ, കൺവീനർ എം.ടി.കുട്ടപ്പൻ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി എം.എം ജംഗ്ഷനിൽ നിന്ന് പ്രകടനം ആരംഭിച്ചു.