റാന്നി: സുകർമ്മ ഹെൽത്ത്​ ഫൗണ്ടേഷൻ ആൻഡ് ഇ.കെ നായനാർ പെയ്​ൻ ആൻഡ് പാലിയേറ്റീവ് കെയർ പ്രവർത്തകർ മാടമൺ ശ്രീനാരയണ കൺവെൻഷൻ നഗറിൽ നിറസാന്നിധ്യമായി മാറി. രണ്ട് ഡോക്ടർമാരുടെയും നഴ്സുമാർ ഉൾപ്പെടെ വോളിന്റയർമാരുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ കാമ്പ് കൺവെൻഷൻ നഗരിയിലെത്തിയ ആയിരങ്ങൾക്ക് പ്രയോജനകരമായി മാറി.കഴിഞ്ഞ മൂന്നു വർഷമായി ശബരിമല മണ്ഡലം മകരവിളക്ക് തീർത്ഥാടന കാലത്ത് മുഴുവൻ സമയവും പെരുനാട് പഞ്ചായത്തിലെ പുതുക്കടയിൽ ഇത്തരം സൗജന്യ മെഡിക്കൽ കാമ്പ് പ്രവർത്തിച്ചിരുന്നു. പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിലും സുകർമ്മയുടെ സൗജന്യ കാമ്പ് പ്രവർത്തനസജ്ജമായിരുന്നു. മാടമൺ കൺവെൻഷൻ നഗറിൽ ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമി കാമ്പ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.പെരുനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എസ് മോഹനൻ (പ്രസിഡന്റ്), പി.കെ.ബിനു (സെക്രട്ടറി) ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു (രക്ഷാധികാരി ) എം.എസ്.രാജേന്ദ്രൻ (ട്രഷറാർ) എന്നിവർ ഭാരവാഹികളായി പ്രവർത്തിക്കുന്ന സംഘടന കിഴക്കൻ മലയോര മേഖലയിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രസ്ഥാനമാണ്. കിഴക്കൻ മേഖലയിലെ 404 കിടപ്പു രോഗികളുടെ ശുശ്രൂഷയും പരിചരണവും ഏറ്റെടുക്കുന്നു. 181 സ്ഥിരം വോളിന്റയർമാർ പ്രവർത്തന രംഗത്തുണ്ട്.
വിവിധ സോണൽ കമ്മിറ്റിയായാണ് പ്രവർത്തിക്കുന്നത്. പെരുനാട് സോണൽ കമ്മിറ്റിയാണ് മെഡിക്കൽ കാമ്പിന് നേതൃത്യം നൽകിയത്.സുകർമ്മ ഹെൽത്ത് ഫൗണ്ടേഷൻ പ്രസിഡന്റ് പി.എസ് മോഹനൻ, സോണൽ സെക്രട്ടറി പി.കെ അനിൽകുമാർ,
ഡോ. ആശാ ലക്ഷ്മി, ഡോ.കിരൺ ,പ്രസിഡന്റ് പി.കെ സുഗതൻ, കൺവീനർ പത്മ മോഹനൻ, എന്നിവരുടെ നേതൃത്വത്തിൽ പത്തംഗ വോളിന്റയർമാരാണ് മെഡിക്കൽ കാമ്പിന് നേതൃത്വം നൽകുന്നത്.