പത്തനംതിട്ട: മൊബൈൽ ടവറിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവ് മണിക്കൂറുകളോളം നഗരത്തെ ആശങ്കയിലാക്കി. പത്തനംതിട്ട സ്വദേശി പള്ളിപടിഞ്ഞാറ്റേതിൽ ഓട്ടോറിക്ഷാ ഡ്രൈവറായ അമീർ (31) ആണ് ആത്മഹത്യ ഭീഷണിയുമായി പൊലീസ് സ്റ്റേഷൻ റോഡിനു സമീപത്തുള്ള ടവറിനു മുകളിൽ കയറിയത്. യുവതിയെ നിരന്തരം വിളിച്ചിരുന്നുവെന്ന് ഭർത്താവിന്റെ പരാതിയെ തുടർന്ന് ഇയാളുടെ ഫോൺ പൊലീസ് പിടിച്ചുവച്ചതും കേസെടുക്കുമെന്നു ഭയന്നതുമാണ് ആത്മഹത്യ ഭീഷണിക്ക് കാരണമായത്. വൈകിട്ട് അഞ്ചരയോടെ ടവറിനു മുകളിൽ കയറിയ യുവാവിനോട് ഇറങ്ങിവരാൻ പൊലീസും നാട്ടുകാരും ആവശ്യപ്പെട്ടെങ്കിലും യുവാവ് കൂട്ടാക്കിയില്ല. തുടർന്ന് ഫയർഫോഴ്സ് എത്തിയെങ്കിലും യുവാവ് വീണ്ടും മുകളിലേക്ക് കയറുകയായിരുന്നു. തുടർന്ന് യുവാവിന്റെ അമ്മയെത്തിയതോടെ താഴേക്കിറങ്ങാമെന്നായി. പക്ഷെ പൊലീസ് കേസെടുക്കില്ലെന്ന് ഉറപ്പ് കിട്ടിയാലെ ഇറങ്ങൂവെന്ന് പറഞ്ഞതോടെ പൊലീസും ഫയർഫോഴ്സും വീണ്ടും കുഴങ്ങി. കേസെടുക്കില്ലെന്ന് പൊലീസ് പറഞ്ഞതോടെ പതിയെ താഴേക്കിറങ്ങാൻ ശ്രമിച്ചു. അപ്പോൾ കാലു കഴക്കുന്നെന്നായി യുവാവ് പറഞ്ഞു. ഇതോടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മുകളിലേക്ക് കയറി പതിയെ താഴേക്ക് ഇറക്കി. യുവാവിനെ പൊലീസ് അമ്മയ്‌ക്കൊപ്പം വീട്ടു. കേസെടുത്തിട്ടില്ലെന്ന് പത്തനംതിട്ട പൊലീസ് പറഞ്ഞു.