മല്ലപ്പള്ളി: മണിമലയാറ്റിൽ മല്ലപ്പള്ളി - ആനിക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കാവനാൽക്കടവിൽ നിർമ്മിച്ച പാലത്തിന്റെയും ഇരുകരകളിലെ അപ്രോച്ച് റോഡുകളുടെ നിർമ്മാണവും പൂർത്തിയായി.ആനിക്കാട് പഞ്ചായത്ത് പരിധിയിൽ ശിവപാർവതി ക്ഷേത്ര ജംഗ്ഷന് സമീപത്തുനിന്നും ആരംഭിച്ച് മല്ലപ്പള്ളി പഞ്ചായത്തിലെ മുരണി കവലയിൽ ശ്രീഭദ്രകാളി ക്ഷേത്ര ജംഗ്ഷനിൽ എത്തുന്ന പാലത്തിന്റെ നിർമ്മാണം ആരംഭിച്ചിട്ട് 9 വർഷം കഴിഞ്ഞു. 2011 ജനുവരി 28ന് അന്നത്തെ സ്പീക്കർ എം.വിജയകുമാർ ശിലാസ്ഥാപനം നടത്തി പ്രവർത്തികൾ ആരംഭിച്ചെങ്കിലും 2013ൽ പണികൾ പൂർണമായി നിലച്ചിരുന്നു.പിന്നീട് അഡ്വ. മാത്യു.ടി.തോമസ് എം.എൽ.എയുടെ നിരവധി യോഗങ്ങൾ തലസ്ഥാനം മുതൽ താഴോട്ട് പലതട്ടിലും നടന്നു. ആദ്യ കരാറുകാരനെ ഒഴിവാക്കി കൂടുതൽ തുക വകയിരുത്തി 2015ൽ നിർമ്മാണം പുനരാരംഭിച്ചെങ്കിലും പണികൾ മന്ദഗതിയിലാണ് നടന്നത്. നാട്ടുകാർ നിരവധി തവണ പ്രതിഷേധങ്ങളും യോഗങ്ങളും സംഘടിപ്പിച്ചിരുന്നു. 2019 മാർച്ചിൽ സർക്കാർ 98.46 ലക്ഷം രൂപാ അനുവദിച്ചതിനെ തുടർന്ന് ഇപ്പോൾ പാലം പൂർണമായും ഗതാഗത സജ്ജമായിരിക്കുകയാണ്. ജില്ലയിലെ പാലങ്ങൾക്കെല്ലാം ഏകീകൃത നിറം അംഗീകരിച്ചതിനെ തുടർന്ന് നീലയും വെള്ളയും ചേർന്ന പെയിന്റടിച്ച് പണികൾ എല്ലാം പൂർത്തിയാക്കിയ പാലത്തിലൂടെ വാഹനങ്ങൾ സുഗമമായി കടന്നുപോകുന്നുണ്ടെങ്കിലും ഓദ്യോഗികമായി തുറന്നുകൊടുത്തിട്ടില്ല.
-പാലംപണി ആരംഭിച്ചിട്ട് 9 വർഷം
-2013ൽ പണികൾ പൂർണമായും നിലച്ചു
-2019ൽ 98.46 ലക്ഷം രൂപാ അനുവദിച്ചു
- ഇപ്പോൾ പാലം പൂർണമായും ഗതാഗത സജ്ജമായി
പൊതുമരാമത്ത് വകുപ്പ് മന്ത്രി നേരിട്ടെത്തി ഉദ്ഘാടനം ചെയ്യാൻ കാത്തിരിക്കുകയാണ്.
(പ്രദേശവാസികൾ)