തണ്ണിത്തോട്: മൂട്ടിൽപ്പഴത്തിന്റെ കാലമായി. ദക്ഷിണേന്ത്യയിലെ നിത്യഹരിതവനങ്ങളിൽ ധാരാളമായി കാണപ്പെടുന്ന മൂട്ടിൽപ്പഴമരം ജില്ലയിലുമുണ്ട്. റാന്നി, കോന്നി വനം ഡിവിഷനുകളിലെ ഉൾക്കാടുകളിൽ മുട്ടിൽപ്പഴമരം പൂത്തുതുടങ്ങി. കാഴ്ചയിലും ഭംഗിയുള്ളതിനാൽ മലയോര ഗ്രാമങ്ങളിലെ ചില വീടുകളിലും നട്ടുവളർത്തുന്നുണ്ട്. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലത്താണ് പുഷ്പ്പിക്കുന്നത്. പൂവിട്ട് 2 മാസങ്ങൾക്കുള്ളിൽ വിളഞ്ഞ് പഴമാകും ഭംഗിയുള്ള പൂക്കൾക്ക് ദളങ്ങളില്ല. പഴത്തിന്റെ പുറംതോട് അച്ചാറുണ്ടാക്കാൻ പറ്റിയതാണ്. ജൂൺ, ജൂലായ് മാസങ്ങളിൽ പഴുത്ത് പാകമാകും ചുവപ്പ്, മഞ്ഞ, വെളുപ്പ് നിറങ്ങളിലാണ് പഴങ്ങൾ. ചുരുക്കമായി വെളുത്തപഴവുമുണ്ട്. മരത്തിന്റെ ചുവട്ടിൽ പഴങ്ങളുണ്ടാകുന്നത് കൊണ്ടാണ് മൂട്ടിൽപ്പഴമെന്ന് വിളിക്കുന്നത്. ബക്കൗറിയ കോറിട്ടിലെൻസ് (വൈൽഡ് ലിച്ചി ) എന്നാണ് ശാസ്ത്രനാമം. റംബുട്ടാനുമായി സാമ്യമുള്ള ഇവയുടെ പുറംതോട് നീക്കിയാൽ കാണുന്ന മാംസള ഭാഗം ഭക്ഷ്യയോഗ്യമാണ്.
വനത്തിലെ ആദിവാസികൾ മഴക്കാലത്ത് വിശപ്പടക്കുന്നത് ഇവ ഭക്ഷിച്ചാണ് ആന, കരടി, കുരങ്ങ്, മലയണ്ണാൻ, മുള്ളൻപന്നി, മാൻ, ആമ എന്നിവയുടെ ഇഷ്ട ഭക്ഷണം കൂടിയാണിത്.
-----------------
ഒൗഷധഗുണമേറെ
ഉദരരോഗങ്ങൾക്കുള്ള ഔഷധമായും മുട്ടിൽപ്പഴം ഉപയോഗിക്കുന്നുണ്ട്. ധാരാളം വിറ്റാമിനും , പ്രോട്ടീനും നിറഞ്ഞതാണ്. മൂട്ടിപ്പുളി, മുട്ടിക്കായ്പ്പൻ, കുന്തപ്പഴം എന്നീ പേരുകളിലും അറിയപ്പെടുന്നു. ഉൾകാടുകളിൽ തനിയെ മുളച്ചുവരുന്ന ഇവ കായ്ക്കാൻ 6 മുതൽ 8 വരെ വർഷം വേണ്ടിവരും. ശബരിമല, മറയൂർ വനങ്ങളിൽ ഇവ ധാരാള മുണ്ടന്നും, വനത്തിലെ ആവാസ വ്യവസ്ഥയ്ക്കനുസരിച്ച് പൂക്കൾക്ക് നിറവ്യത്യാസമുണ്ടന്നും പരിസ്ഥിതി പ്രവർത്തകനായ ചിറ്റാർ ആനന്ദൻ പറഞ്ഞു. ആൺ, പെൺ മരങ്ങൾ പുക്കാറുണ്ടങ്കിലും പരാഗണത്തിന് ശേഷം ആൺമരത്തിലെ പൂക്കൾ കൊഴിഞ്ഞുപോവുകയും, പെൺമരത്തിൽ കായകൾ പിടിക്കുകയും ചെയ്യും.