vilaveduppu
ഉത്സവഛായയിൽ കൊടുമണ്ണിൽ കൊയ്ത്തുത്സവം

കൊടുമൺ : ഉത്സവപ്രതീതി ഉണർത്തി കൊടുമൺ പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ കൊയ്ത്തുത്സവം പുരോഗമിക്കുന്നു.കൊയ്ത്ത് യന്ത്രം ഉപയോഗിച്ചാണ് എല്ലാ പാടശേഖരങ്ങളിലും വിളവെടുപ്പ് നടക്കുന്നത്. കറ്റമെതിക്കുന്നതും കെട്ടുന്നതും എല്ലാം യന്ത്രമുപയോഗിച്ച് തന്നെ.പഞ്ചായത്തിലാകെ 400 ഏക്കർ സ്ഥലത്താണ് ഈ പ്രാവശ്യം നെൽക്കൃഷിയിറക്കിയിരിക്കുന്നത്.കഴിഞ്ഞ പ്രവിശ്യം 250 ഏക്കർ സ്ഥലത്ത് മാത്രമായിരുന്നു ഇത്.20 വർഷത്തോളമായി തരിശായി കിടന്ന പാടശേഖരങ്ങളിലും കൃഷി വകുപ്പിന്റെയും തൃതല പഞ്ചായത്തിന്റെയും സഹകരണത്തോടെ ഏറ്റെടുത്ത് നെൽക്കൃഷിയിറക്കി പഞ്ചായത്തിനെ സമ്പൂർണ തരിശ് രഹിത പഞ്ചായത്തായി പ്രഖ്യാപിച്ചിരുന്നു.കഴിഞ്ഞ വർഷം വിപണിയിലെത്തിച്ച കൊടുമൺ റൈസ് വൻ ഹിറ്റായതോടെയാണ് പഞ്ചായത്തിലാകമാനം നെൽക്കൃഷി വ്യാപിപ്പിക്കുവാൻ തീരുമാനിച്ചത്.ഇത്തവണ നല്ല വിളവാണ് ലഭിക്കുന്നതെന്നും സപ്ലെകോയും കൊടുമൺ ഫാർമേഴ്സ് സൊസൈറ്റിയും കർഷകരിൽ നിന്ന് ന്യായമായ വിലക്ക് നെല്ല് സംഭരിക്കുന്നതും വേണ്ട സഹായങ്ങൾ നൽകുന്നതും കർഷകരെ നെൽക്കൃഷിയിലേക്ക് തിരികെ കൊണ്ട് വരാനായി.കാർഷിക സർവലാശാലയുടെ സഹായത്തോടെ ഡ്രോൺ ഉപയോഗിച്ച് ജില്ലയിൽ ആദ്യമായി നെല്ലിന് വളവും കീടനാശിനി പ്രയോഗവും നടത്തുകയും ഇത് വിജയത്തിലെത്തുകയും ചെയ്തു.ഈ വർഷം വളരെ അപൂർവമായ ഗനധകശാല നെല്ലും കൊടുമണ്ണിൽ വിളയിക്കാനായി.

കീടങ്ങൾക്ക് കടിഞ്ഞാണിടാൻ ബന്ധി പൂക്കളും

കഴിഞ്ഞ വർഷം മുതലാണ് പരിസ്ഥിതി എൻജിനിയറിംഗ് രീതിയിൽ ഇടവിളയായി ബന്ദിപ്പൂ കൃഷി എന്ന ആശയം ആദ്യമായി നടപ്പിലാക്കിയത്. കീടങ്ങളെ ഒഴിവാക്കാൻ ഫലപ്രദമാണ് ഈ കൃഷിരീതി.ഏഴംകുളം-കൈപട്ടൂർ റോഡിൽ വാഴ വിള, സ്‌റ്റേഡിയത്തിന് എതിർ വശം,വെട്ടിക്കുളം ഏലക്ക് സമീപം എന്നിവിടങ്ങളിലെല്ലാം വിളഞ്ഞ് നിൽക്കുന്ന നെൽക്കതിരുകൾക്ക് സമീപം ബന്ദി പൂക്കൾ വിടർന്ന് നിൽക്കുന്ന മനോഹര കാഴ്ച കാണാം.രാസ കീടനാശിനി ഒഴിവാക്കി നെൽക്കതിർ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ബന്ദി മണ്ണിലെ നിമാവിരകളുടെ ആകർഷക സസ്യമാണ്. നെൽക്കൃഷിയുടെ വരമ്പ് ഭാഗത്ത് എള്ള്,ബന്ദി,സൂര്യകാന്തി എന്നിവ നടുന്നത് മൂലം മിത്ര പ്രാണികൾ കൂടുതൽ ഉണ്ടാകാൻ കാരണമാകുകയും തണ്ട് തുരപ്പൻ,ഇലചുരുട്ടിപ്പുഴു എന്നിവയുടെ ശല്യം ഒഴിവാക്കാനും സാധിക്കും.

എസ്.ആദില

(കൃഷി ഓഫീസർ)

-കഴിഞ്ഞ വർഷം 250 ഏക്കർ പാടത്ത് നെൽക്കൃഷി

-20 വർഷമായി തരിശായിക്കിടന്ന പാടത്തും നെൽക്കൃഷി ഇറക്കിയിരുന്നു

-കൊടുമൺ റൈസ് ഹിറ്റായതോടെ വ്യാപകമായി കൃഷിയിറക്കി