ജില്ലാ ഭരണകൂടത്തിന്റെ അലംഭാവം
ശബരിമല : അയ്യപ്പന്റെ പൂങ്കാവനം ശുദ്ധിയോടെ കാത്തുസൂക്ഷിച്ച തമിഴ്നാട്ടിൽ നിന്നുള്ള വിശുദ്ധി സേനാംഗങ്ങൾ വേതനം ലഭിക്കാതെ ദുരിതത്തിൽ. മണ്ഡകാലം അവസാനിച്ചിട്ട് ഒരുമാസം പിന്നിടുമ്പോൾ ജില്ലാ ഭരണകൂടത്തിൽ പ്രതീക്ഷ അർപ്പിച്ച് കാത്തിരിക്കുകയാണ് സേനാംഗങ്ങൾ. പത്തനംതിട്ട ജില്ലാ കളക്ടർ ചെയർമാനും അടൂർ ആർ.ഡി.ഒ മെമ്പർ സെക്രട്ടറിയുമായുള്ള ശബരിമല സാനിട്ടേഷൻ സൊസൈറ്റിയാണ് വർഷങ്ങളായി വിശുദ്ധിസേനയ്ക്കുള്ള വേതനം നൽകിവരുന്നത്. ഇതിനാവശ്യമായ ഫണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ജില്ലാ ഭരണകൂടത്തെ ഏൽപ്പിക്കുകയാണ് പതിവ്. മുമ്പ് സീസൺ പൂർത്തിയായി ഒരാഴ്ച പിന്നിടുമ്പോഴേക്കും വേതനം ലഭിക്കുമായിരുന്നു. നാല് വർഷം മുൻപ് വരെ തീർത്ഥാടനം പൂർത്തിയായി മലയിറങ്ങുമ്പോൾ സേനാംഗങ്ങൾക്കുള്ള പണം കൈവശം നൽകിയിരുന്നു. ഇപ്പോൾ ബാങ്ക് അക്കൗണ്ടിലേക്കാണ് വേതനം അയക്കുന്നത്.
ജില്ലാ കളക്ടർ അവധിയിൽ പ്രവേശിച്ചതിനാൽ ചെക്ക് ഒപ്പിടാൻ കഴിയാതിരുന്നതിനാൽ വേതനം വൈകിയെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. അതേസമയം അവധി കഴിഞ്ഞ് കളക്ടർ മടങ്ങിയെത്തിയിട്ടും പണം ലഭ്യമായിട്ടില്ല.
വിശുദ്ധി സേന : 900 പേർ
സേലം, മധുരൈ, കള്ളക്കുറിച്ചി എന്നിവിടങ്ങളിൽ നിന്നുളളവർ.
ഇത്തവണ സന്നിധാനം, നിലയ്ക്കൽ, പമ്പ, പന്തളം, കുളനട എന്നിവിടങ്ങളിലായി നിയോഗിച്ചു.
പ്രതിദിന വേതനം : 425 രൂ.
ഒരാൾക്ക് ആകെ ലഭിക്കേണ്ട തുക : 30,175 രൂ, (71 ദിവസം)
ഡിസംബർ പകുതിയോടെ ഒരാൾക്ക് 4000 രൂപ വീതം നൽകി. ഇനി ഒരാൾക്ക് ലഭിക്കാനുള്ളത്: 26,175 രൂപ
അയ്യപ്പസന്നിധിയിൽ ജോലിയെടുക്കാൻ ലഭിക്കുന്ന ഭാഗ്യത്തിനൊപ്പം വേതനം കുടുംബത്തിലെ ആവശ്യങ്ങൾക്കും ഉപകാരപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടം കാട്ടുന്ന അനാസ്ഥയിൽ പ്രതിഷേധം ഉയർന്നു തുടങ്ങിയിട്ടുണ്ട്.
ദേവസ്വം ബോർഡ് ജില്ലാ ഭരണകൂടത്തിന് വേതനം നൽകാനുള്ള പണം നൽകിയതാണ്. വേതനം വൈകിപ്പിക്കുന്നതിന്റെ കാരണം അറിയില്ല. വേണ്ടിവന്നാൽ ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും.
എൻ. വാസു,
പ്രസിഡന്റ്,
തിരിവിതാംകൂർ ദേവസ്വം ബോർഡ്.
യഥാസമയം പണം ലഭ്യമാക്കാതെ വന്നതോടെ തങ്ങളുടെ ഉറക്കമാണ് കെടുന്നത്. കളക്ട്രേറ്റിൽ കയറിയിറങ്ങി ചെരുപ്പ് തേയുകയാണ്.
രാമലിംഗം.
വിശുദ്ധി സേനാംഗം