18-uprodham

പന്തളം: വെള്ളമില്ലാതെ നെൽകൃഷി ഉണങ്ങിത്തുടങ്ങിയതോടെ തുമ്പമണ്ണിലെ ജനപ്രതിനിധികൾ ഇന്നലെ കല്ലട ജലസേചന പദ്ധതിയുടെ അടൂർ ഓഫീസ് ഉപരോധിച്ചു. ഒടുവിൽ വൈകിട്ട് നാലോടെ മാമൂട് ഭാഗത്തെ കനാലിന്റെ ഷട്ടർ തുറന്ന് അധികൃതർ മാവരപാടശേഖരത്തിൻ വെള്ളമെത്തിച്ചു.
തുമ്പമൺ ഗ്രാമപഞ്ചായത്തിലെ വിജയപുരം, മുട്ടം, മാവര,പാടശേഖരങ്ങളിലെ 170 ഓളം ഏക്കറിലെ നെൽ കൃഷിയാണ് ഉണങ്ങി നശിക്കുന്നത്. മുമ്പ് വരൾച്ച രൂക്ഷമാകുമ്പോൾ കെ.ഐ.പി.കനാൽ തുറന്നുവിടുമായിരുന്നു. ഇത്തവണ കൃഷി ഇറക്കിയതിന്‌ശേഷം മഴ പെയ്തില്ല. പരാതിയെ തുടർന്ന് 5 ദിവസം മാത്രമാണ് കനാൽ തുറന്നുവിട്ടത്. അതിനുശേഷം അടച്ചു. ഇതോടെ ഇവിടെ കൃഷി നടത്തിയ നാൽപതോളം കർഷകർ പ്രതിസന്ധിയിലായി.

ജോലികൾക്കായി ഇപ്പോൾത്തന്നെ ഏക്കറിന് ഇരുപതിനായിരത്തിൽ കൂടുതൽ രൂപ വീതം കർഷകർക്ക് ചെലവായിട്ടുണ്ടെന്ന് വിജയപുരം,.മുട്ടം .തുമ്പമൺ പാടശേഖര സമതി ഭാരവാഹികളായ , ബാബു,സോമൻ, കരുണാകരൻ,റോയി, സുകുമാരൻ പ്രസാദ്, എന്നിവർ പറഞ്ഞു

പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് തുമ്പമൺ പഞ്ചായത്തിലെ ജനപ്രതിനിധികൾ അടൂർ കെ.ഐ.പി ഒാഫീസ് ഉപരോധിച്ചത്..
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
സഖറിയാ വർഗീസ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രഘു പെരുമ്പുളിക്കൽ: പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. രാജേഷ് കുമാർ, മെമ്പർമാരായ സി.കെ. സുരേന്ദ്രൻ,തോമസ് വർഗീസ്, ബാബു വർഗീസ്, പാടശേഖര സമതി പ്രസിഡന്റുമാരായ കെ.ആർ. സുകുമാരൻ നായർ. വി.കെ.സോമൻ എന്നിവർ പങ്കെടുത്തു.