ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി ചെങ്ങന്നൂർ ഡിപ്പോയിലെ ഗ്രേഡ് വൺ ഡ്രൈവറായ വി.എ അനിൽകുമാറിനെയും ഭാര്യ ആശാ ഗോപാലിനെയും ഡി.ടി.ഒ അപമാനിച്ചെന്ന് പരാതി. ഇക്കഴിഞ്ഞ 12ന് ഡ്യൂട്ടി സമയത്ത് അനിൽകുമാറിനുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയ ശേഷം അവധിയെടുക്കാനെത്തിയപ്പോൾ ഡി.ടി.ഒ അപമാനിച്ച് സംസാരിച്ചെന്നാണ് പരാതിയിൽ പറയുന്നത്.ഇവർ പൊലീസ് മേധാവിയ്ക്കും വനിതാ സെല്ലിനും പട്ടികജാതി കമ്മീഷനും പരാതി നൽകി. ബസ് ഒാടിച്ച് ചെങ്ങന്നൂരിലേക്ക് വരുന്നവഴി ഭർത്താവിന് തളർച്ച അനുഭവപ്പെടുകയും തുടർന്ന് ബസ് ഡിപ്പോയിലെത്തിച്ച ശേഷം ഉദ്യോഗസ്ഥരുടെ അനുമതിയോടെ ചെങ്ങന്നൂർ ഗവ.ആശുപത്രിയിൽ ചികിത്സ തേടുകയുമാണ് ചെയ്തത്. ഡോക്ടർ വിശ്രമം നിർദേശിച്ചതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്ന കണ്ടക്ടർ തന്നെ ഫോണിൽ വിവരം അറിയിക്കുകയും ചെയ്തു. പിന്നീട് ആശുപത്രിയിൽ നിന്ന് തങ്ങൾ ഒരുമിച്ച് ഡിപ്പോയിലെത്തി വിവരം ധരിപ്പിച്ചപ്പോൾ ഡി.ടി.ഒ തന്റെ അസുഖം കളളത്തരമാണെന്ന് പറഞ്ഞ് ഭർത്താവിനെ ജീവനക്കാരുടെ മുന്നിൽ പരിഹസിക്കുകയായിരുന്നു. ആശുപത്രിയിലെ ഒ.പി.ടിക്കറ്റ് കാണിച്ചെങ്കിലും വീണ്ടും ആക്ഷേപിച്ചു സംസാരിച്ചതായും പരാതിൽ പറയുന്നു.