പത്തനംതിട്ട : പ്രായക്കൂടുതലും കാഴ്ചക്കുറവുമുള്ള കർഷകന് കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭിക്കാൻ ഓൺലൈൻ സംവിധാനത്തിലൂടെ അപേക്ഷ സർപ്പക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് അദ്ദേഹംനേരിട്ട് നൽകിയ അപേക്ഷയിൽ മാനുഷിക പരിഗണന നൽകി അനുകൂല തീരുമാനമെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.
കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി റാന്നി ഡി.എഫ്.ഒയ്ക്കാണ് നിർദ്ദേശം നൽകിയത്. കുമ്പളത്താമൽ സ്വദേശി ജോർജ് വർഗീസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
അഞ്ച് ഏക്കറിലധികം സ്ഥലത്ത് കൃഷി നടത്തുന്ന കർഷകന് 48,47,000 രൂപയുടെ കൃഷിനാശം ഉണ്ടായി. പ്രസ്തുത തുക നഷ്ടരിഹാരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരൻ ഡി.എഫ്.ഒയ്ക്ക് അപേക്ഷ നൽകിയത്. കമ്മിഷൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിന്ന് റിപ്പോർട്ട് വാങ്ങി.
പരാതി ഓൺലൈൻവഴി നൽകണമെന്നാണ് ചട്ടമെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ താൻ ഓൺലൈനായി അപേക്ഷ നൽകിയിട്ടില്ലെന്ന് പരാതിക്കാരൻ അറിയിച്ചു. അപേക്ഷനേരിട്ടാണ് നൽകിയത്. അതേ സമയം അക്ഷയകേന്ദ്രം വഴി ഓൺലൈനായി അപേക്ഷ നൽകാൻ പരാതിക്കാരന് രജിസ്‌ട്രേഡ് കത്ത് അയച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
സിറ്റിംഗ് ഇന്ന്
പത്തനംതിട്ട: സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഇന്ന് രാവിലെ 10.30 ന് പത്തനംതിട്ട ഗവ. ഗസ്റ്റ്ഹൗസിനു സമീപമുള്ള കെ.ജി.എം.ഒ.എ ഹാളിൽ സിറ്റിംഗ് നടത്തുമെന്ന് കമ്മിഷൻ അറിയിച്ചു.