പത്തനംതിട്ട : ലാപ്‌ടോപ്പ് ബാഗിനുള്ളിൽ അര കിലോഗ്രാം കഞ്ചാവ് ഒളിപ്പിച്ചു കടത്തിയ പത്തനംതിട്ട സ്വദേശികളായ രണ്ടു യുവാക്കൾ അറസ്റ്റിൽ. അടൂർ പറക്കോട് ചരുവിള പുത്തൻ വീട്ടിൽ ഗോഡ്ലി (20), ഏഴംകുളം അറുകാലിയ്ക്കൽ പനച്ചുവിള വീട്ടിൽ നവീൻ (20) എന്നിവരാണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. തിരുനെൽവേലി സെന്റ് മറിയം പോളിടെക്‌നിക്കിലെ വിദ്യാർത്ഥികളാണിവർ.
മധുര - തിരുവനന്തപുരം റെയിൽവേ ടിക്കറ്റുമായി കന്യാകുമാരി - പുനലൂർ പാസഞ്ചർ ട്രെയിനിൽ കഞ്ചാവുമായി യാത്ര ചെയ്ത ഇവരെ തിരുവനന്തപുരം റെയിൽവേ പൊലീസ് ഇൻസ്‌പെക്ടർ ആസാദ് അബ്ദുൾ കലാമിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പാറാശ്ശാല എസ്.ഐ മാരായ അബ്ദുൾ വഹാബ്, ശ്രീകുമാരൻ നായർ, എ.എസ്.ഐ ശിവകുമാർ, സി.പി.ഒ ബൈജു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന ഇവർ കമ്പത്ത് നിന്ന് കഞ്ചാവ് വാങ്ങി വരവേയാണ് പൊലീസ് പിടിയിലായത്. പ്രതികളെ റിമാൻഡ് ചെയ്തു.