തിരുവല്ല: കാലാവധി കഴിഞ്ഞു ഒരു വർഷത്തിൽ കൂടുതലായതും എന്നാൽ അഞ്ചുവർഷം ആകാത്തതുമായ ഡ്രൈവിംഗ് ലൈസൻസുകൾ മാർച്ച് 31വരെ ഡ്രൈവിംഗ് ടെസ്റ്റ് ഒഴിവാക്കി പുതുക്കി നൽകുന്നു.വിദേശ രാജ്യങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും കഴിയുന്ന കേരളത്തിലെ ജനങ്ങൾക്ക് ഈ കാലയളവിനുള്ളിൽ നേരിട്ട് പുതുക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ച് ഇത്തരം ഡ്രൈവിംഗ് ലൈസൻസുകൾ പുതുക്കാനുള്ള അപേക്ഷയോടൊപ്പം അവർ കഴിയുന്ന വിദേശ രാജ്യത്തിൽ /സംസ്ഥാനത്തിൽ നിന്നും നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് /കാഴ്ച പരിശോധനാ സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷകൻ അധികാരപ്പെടുത്തിയ ആൾക്ക് ഹാജരാക്കാവുന്നതാണ്.മേൽ മെഡിക്കൽ /കാഴ്ച പരിശോധനാ സർട്ടിഫിക്കറ്റ് നിഷ്‌ക്കർഷിച്ചിരിക്കുന്ന ഫോറത്തിൽ തന്നെ സമർപ്പിക്കേണ്ടതാണ്.ഈ ഇളവുകൾ മാർച്ച് 31വരെ മാത്രമേ പ്രാബല്യത്തിൽ ഉണ്ടായിരിക്കൂയെന്നും തിരുവല്ല ജോ.ആർ.ടി.ഒ എൻ.സി അജിത്കുമാർ അറിയിച്ചു.