പത്തനംതിട്ട : കുറഞ്ഞകാലം കൊണ്ട് അക്കൗണ്ടുകളുടെ കാര്യത്തിൽ ചരിത്രം കുറിച്ച ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക് പുതിയ ഒരു റെക്കാഡ് കൂടി കുറിയ്ക്കുകയാണ്. സംസ്ഥാനത്ത് 19ന് മഹാലോഗിൻ എന്ന പരിപാടിയിലൂടെ ഒരു ദിവസം കൊണ്ട് ഒരു ലക്ഷത്തിലേറെ അക്കൗണ്ടുകൾ സമാഹരിക്കുകയാണ് ലക്ഷ്യം. അന്നേ ദിവസം പോസ്റ്റ് ഓഫീസുകളിൽ ആധാർ നമ്പർ, മൊബൈൽ ഫോൺ എന്നിവയുമായി നേരിട്ട് എത്തുന്നവർക്ക് ഐ.പി.പി.ബി അക്കൗണ്ട് നൽകുന്നത് കൂടാതെ തപാൽ ജീവനക്കാർ വീടുകളിലും വിദ്യാലയങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും എത്തി അക്കൗണ്ടുകൾ നൽകും. ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന് സീറോ ബാലൻസ് അക്കൗണ്ടുകളാണ് നൽകുന്നതെങ്കിലും ഫെബ്രുവരി 19ന് മഹാ ലോഗിൻ ദിനത്തിൽ ഫണ്ടഡ് അക്കൗണ്ടുകളാണ് നൽകുന്നതെന്ന് പത്തനംതിട്ട പോസ്റ്റൽ സൂപ്രണ്ട് വി. ബാലകൃഷ്ണൻ നായർ അറിയിച്ചു.