തിരുവല്ല: വാഹനങ്ങളിലെത്തി രാത്രികാലങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നത് വ്യാപകമായി. മഴുവങ്ങാട് ചിറയിൽ തിരുവല്ല ബൈപ്പാസിന് സമീപത്തും നിരണം പഞ്ചായത്തിലുമാണ് കഴിഞ്ഞദിവസങ്ങളിൽ മാലിന്യം തള്ളി ജനങ്ങളെ ദുരിതത്തിലാക്കിയത്. നിരണം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ടാങ്കർ ലോറിയിലെത്തിച്ച കക്കൂസ് മാലിന്യം തള്ളിയത് ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കി. ചെമ്മാനിക്കര പടി, കാക്കനാട്ട്കുഴി പാലം, പഴയ പഞ്ചായത്ത് മുക്ക്, മലങ്കര കത്തോലിക്ക പള്ളി, നാലാംവേലി പാലം എന്നീ സ്ഥലങ്ങൾക്ക് സമീപമാണ് മാലിന്യം തള്ളിയത്. പഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദിന്റെ നേതൃത്വത്തിൽ പുളിക്കീഴ് പൊലീസിൽ പരാതി നൽകി.
ബ്ലീച്ചിംഗ് പൗഡർ വിതറി അണുനശീകരണം നടത്തി
നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് ബ്ലീച്ചിംഗ് പൗഡർ വിതറി അണുനശീകരണം നടത്തിയാണ് താൽക്കാലികമായി പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിയത്. ഇതിനു സമീപത്തുള്ള സ്ഥലങ്ങളിലെ സി.സി.ടി.വി.കാമറ പരിശോധിച്ചെങ്കിലും വ്യാജ നമ്പർ പതിച്ച ടാങ്കർ ലോറിയിൽ എത്തിച്ച മാലിന്യമാണ് നിരണത്ത് തള്ളിയതെന്ന് കണ്ടെത്തി.നിർമ്മലം നിർഭയം പദ്ധതി പ്രകാരം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ പ്രദേശങ്ങളിൽ നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അനധികൃതമായി മാലിന്യം തള്ളുന്ന സാമൂഹ്യവിരുദ്ധരെ പിടികൂടാൻ സാധിച്ചിട്ടില്ല. ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇത്തരത്തിലുള്ള ടാങ്കർ ലോറികാലിൽ മാലിന്യം തള്ളുന്നതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. മുമ്പ് തിരുവല്ല നഗരസഭാ പരിധിയിലും നീരേറ്റുപുരത്തും പായിപ്പാടും ഇത്തരത്തിൽ മാലിന്യം തള്ളിയത് ജനങ്ങളുടെ പ്രതിഷേധം ഉയർത്തിയിരുന്നു. ഇടക്കാലത്തിനുശേഷം വീണ്ടും മാലിന്യം തള്ളൽ ശക്തമായിരിക്കുകയാണ്. വാഹനം കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അധികൃതർ പറഞ്ഞു.
മാലിന്യം തള്ളിയത് ഇവിടെ.....
ചെമ്മാനിക്കര പടി, കാക്കനാട്ട്കുഴി പാലം, പഴയ പഞ്ചായത്ത് മുക്ക്, മലങ്കര കത്തോലിക്ക പള്ളി, നാലാംവേലി പാലം എന്നീ സ്ഥലങ്ങൾക്ക് സമീപമാണ് മാലിന്യം തള്ളിയത്.
1. മാലിന്യം എത്തിക്കുന്ന ലോറികൾ വ്യാജ നമ്പരുള്ളത്
2. പുളിക്കീഴ് പൊലീസിൽ പരാതി നൽകി
3. കാമറകളുണ്ടെങ്കിലും പ്രയോജനമില്ല
4. മാലിന്യം തള്ളുന്നത് ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന്