കോന്നി : വഴിയോരങ്ങളിലെ അനധികൃത കച്ചവടങ്ങളിൽ പ്രതിഷേധിച്ച് കോന്നിയിലെ വ്യാപാരികൾ 27ന് ഉച്ചയ്ക്ക് രണ്ട് മണിവരെ കടകളടച്ച് ഹർത്താൽ ആചരിക്കും. ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരവും നടത്തും.
കഴിഞ്ഞ കുറേകാലങ്ങളായി വഴിയോര കച്ചവടങ്ങൾ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങുകയാണ്. എന്നാൽ പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഫുട്പാത്തിലുള്ള തട്ടുകടകളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധനയില്ല. പഞ്ചായത്ത് നിരോധിച്ച സ്ഥലങ്ങളിൽ പോലും അനധികൃത കച്ചവടങ്ങൾ വർദ്ധിക്കുകയാണ്. 900 വ്യാപാരികളാണ് കോന്നി നഗരത്തിൽ ഉള്ളത്.ആയിരം രൂപ മുതൽ മുകളിലേക്ക് വലിയ തുകകൾ കോന്നി ഗ്രാമപഞ്ചായത്തിന് നികുതി അടച്ചാണ് പലരും കച്ചവടം ചെയ്യുന്നത്. കാൽനട യാത്രക്കാരും റോഡരുകിലെ അനധികൃത കച്ചവടം മൂലം ബുദ്ധിമുട്ടുന്നുണ്ട്. കോന്നി ഗ്രാമപഞ്ചായത്ത് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ട് അനശ്ചിതകാല സമരമാരംഭിക്കുമെന്നും വ്യാപാരി പ്രതിനിധികളായ ഡി.അനിൽ കുമാർ, രാജഗോപാൽ, അഷ്റഫ് അലങ്കാർ, സുരേഷ്‌കുമാർ, മനേഷ്,സന്തോഷ് മാത്യു,റഹ്മത്ത് ലബ്ബ എന്നിവർ അറിയിച്ചു.