തി​രു​വല്ല: ഏ​തെ​ങ്കിലും കോട​തി പ​റഞ്ഞാൽ ഒ​ഴി​വാ​ക്കാ​നാ​കു​ന്ന​തല്ല സം​വര​ണം എ​ന്ന് മു​ഖ്യ​മന്ത്രി പി​ണ​റാ​യി വിജ​യൻ പ​റഞ്ഞു. പ്ര​ത്യ​ക്ഷര​ക്ഷാ ദൈ​വസ​ഭാ സ്ഥാ​പ​കൻ പൊ​യ്​കയിൽ ശ്രീ​കു​മാ​ര​ഗു​രു​ദേ​വ​ന്റെ 142-ാം ജ​ന്മ​ദിന​മ​ഹോത്സ​വം ഉ​ദ്​ഘാ​ട​നം ചെ​യ്യുകയായിരുന്നു അ​ദ്ദേഹം. ഭ​ര​ണ​ഘ​ട​നാ​ശി​ല്​പി​കൾ പി​ന്നാ​ക്ക​വി​ഭാ​ഗ​ത്തി​ന്റെ ഉ​ന്ന​മ​ന​ത്തി​നാ​യാ​ണ് സം​വര​ണം ഏർ​പ്പെ​ടു​ത്തി​യത്. സം​വ​രണം​കൊ​ണ്ട് ഉ​ദ്ദേ​ശി​ച്ച ഫ​ല​ത്തി​ലേ​ക്ക് പി​ന്നാ​ക്ക സ​മൂ​ഹം ഇ​പ്പോഴും എ​ത്തി​യി​ട്ടില്ല. അ​തു​കൊ​ണ്ടുത​ന്നെ സം​വര​ണം ഒ​ഴി​വാ​ക്കാ​നാ​വി​ല്ലെ​ന്ന് ത​ന്നെ​യാ​ണ് സർ​ക്കാ​രി​ന്റെയും ഇ​ട​തു​മു​ന്ന​ണി​യു​ടെയും നി​ല​പാ​ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റഞ്ഞു. ന​വോ​ത്ഥാ​ന​കാ​ലം ഉ​യർ​ത്തി​പ്പി​ടി​ച്ച ആ​ശ​യങ്ങ​ളെ ത​മ​സ്​ക​രി​ക്കാനും നാ​ടി​നെ ഇ​രു​ണ്ട​കാ​ല​ത്തേ​ക്ക് ത​ള്ളി​യി​ടാനും ബോ​ധ​പൂർ​വ്വം ചി​ല ശ​ക്തി​കൾ ശ്ര​മി​ക്കുന്നു. ചാ​തുർ​വർ​ണ്ണ്യ​വ്യ​വ​സ്ഥ തി​രിച്ചു​കൊ​ണ്ടു​വ​രാനും ചി​ല ശ​ക്തി​കൾ ശ്ര​മി​ക്കു​ക​യാണ്. എല്ലാത്ത​രം സം​വാ​ദ​ങ്ങ​ളെയും അ​ട​ച്ചു​വെക്കാൻ ശ്ര​മം ന​ട​ക്കുന്നു. കു​ഴി​ച്ചു​മൂ​ടിയ ജീർ​ണതക​ളെ ഉ​യിർ​പ്പി​ക്കാനും ശ്ര​മം ന​ട​ക്കുന്നു. ഇ​ത് വർ​ഗീയ​ശ​ക്തി​ക​ളു​ടെ കു​ടി​ല​ബു​ദ്ധി​യാണ്. കു​മാ​ര​ഗു​രു​ദേ​വ​നെ​പ്പോ​ലെ​യു​ള്ള സാ​മൂ​ഹ്യ​പ​രി​ഷ്​കർ​ത്താ​ക്കൾ പി​ന്നാ​ക്ക​വി​ഭാ​ഗ​ത്തി​ന്റെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വർ​ത്തി​ച്ചെന്നും അ​ദ്ദേ​ഹം പ​റഞ്ഞു. പി. ആർ. ഡി. എസ്. പ്ര​സി​ഡന്റ് വൈ. സ​ദാ​ശി​വൻ അ​ദ്ധ്യ​ക്ഷ​ത വ​ഹിച്ചു. എം.എൽ.എമാരായ മാത്യു. ടി തോമസ്, രാജു ഏബ്രഹാം, സി.പി.എം ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു, കെ.അനന്തഗോപൻ, ‌‌പി.കെ.സജീവ്, കെ.‌ടി. സീതകുമാർ, പി.എസ്.ചെല്ലപ്പൻ, കെ.ടി.വിജയൻ, പി.ടി. ചന്ദ്രബാബു എന്നിവർ സംസാരിച്ചു.