പത്തനംതിട്ട: തോക്കുകളും വെടിയുണ്ടകളും നഷ്ടപ്പെട്ട വിഷയത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന്റെ പേരിൽ പൊലീസിനെ രക്ഷിക്കുന്നതിനുള്ള ഉരുണ്ടുകളിയാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാലയുടെ ഇരുപത്തിമൂന്നാം ദിവസത്തെ പര്യടന പരിപാടിയുടെ സമാപന സമ്മേളനം തിരുവല്ല ടൗണിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പൊലീസ് മേധാവിയെ കൈ ഒഴിയാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് കേരളത്തിൽ കാര്യങ്ങൾ അറിയാവുന്ന എല്ലാവർക്കും പിടികിട്ടിയിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
തിരുവല്ല ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് രാഷട്രീയ കാര്യ സമിതി അംഗം പ്രൊഫ. പി.ജെ.കുര്യൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.ശിവദാസൻ നായർ, നിർവാഹക സമിതി അംഗങ്ങളായ മലേത്ത് സരളാദേവി, പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, മണ്ഡലം പ്രസിഡന്റ് അജി തമ്പാൻ, തുടങ്ങിയവർ പ്രസംഗിച്ചു.