തിരുവല്ല: നഗരസഭാ രൂപീകൃതമായിട്ട് 2020ൽ നൂറുവർഷം പൂർത്തിയാക്കുന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായി 154 ഭവനങ്ങളുടെ നിർമ്മാണം പൂർത്തിയാക്കാൻ നാലുകോടി രൂപ ചെലവഴിക്കുമെന്നും നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ അറിയിച്ചു.ശതാബ്ദി പദ്ധതികളായി രാമപുരം ഷോപ്പിംഗ് കോംപ്ലക്സ്, കൺവെൻഷൻ സെന്റർ,ആധുനിക അറവുശാല,പുതിയ ടൗൺഹാൾ,ഷീ ലോഡ്ജ്, തിരുമൂലപുരത്ത് ഷോപ്പിംഗ് കോംപ്ലക്സ്, മേൽനടപ്പാലം,പബ്ലിക് സ്റ്റേഡിയം നവീകരണം എന്നിവ പൂർത്തിയാക്കും.സ്വന്തമായി വീടുംസ്ഥലവും ഇല്ലാത്തവർക്ക് നഗരസഭാ സ്ഥലംവാങ്ങി ഫ്‌ളാറ്റ് നിർമ്മിച്ചു നൽകും.നൂറുവർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി നഗരവാസികളായ 100പേർക്ക് ചികിത്സാസഹായം,100വയസ് തികഞ്ഞവരെ ആദരിക്കൽ,തിരുവല്ലക്കാരായ ദേശീയ-സംസ്ഥാന അവാർഡ് ജേതാക്കളെയും കായിക താരങ്ങളെയും ആദരിക്കൽ,നിർദ്ധന കാൻസർ രോഗികൾക്ക് സഹായം, ഒളിമ്പ്യൻ പാപ്പന്റെ സ്മരണയ്ക്കായി ഫുടബോൾ ടൂർണമെന്റ് എന്നിവ സംഘടിപ്പിക്കും.രാത്രികാല കലാപരിപാടികൾ,രാത്രി 11വരെ നീളുന്ന വ്യാപാരോത്സവത്തിൽ ദീപാലങ്കാരവും നറുക്കെടുപ്പും വിലക്കിഴിവും ഏർപ്പെടുത്തും.മത്സരങ്ങളിൽ പങ്കെടുക്കുന്നവർ 22ന് മുമ്പായി നഗരസഭാ ഓഫീസിൽ ബന്ധപ്പെടണം.പ്രതിപക്ഷനേതാവ് എം.പി ഗോപാലകൃഷ്ണൻ, ഉപാദ്ധ്യക്ഷ അനു ജോർജ്ജ്, കൗൺസിലർമാരായ ആർ.ജയകുമാർ, ബിജു ലങ്കാഗിരി,ഷാജി തിരുവല്ല,ജേക്കബ് ജോർജ്ജ്,നാൻസി, സുജാ മാത്യു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.