അടൂർ :വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അടൂരിൽ ബഹുനില കോടതി സമുശ്ചയം ഉയരുന്നു. 9.31 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന മന്ദിരത്തിലെ ശിലാസ്ഥാപനം 27ന് രാവിലെ തോമസ് ഐസക് നിർവഹിക്കും. ചിറ്റയം ഗോപകുമാർ എം.എൽ.എ അദ്ധ്യക്ഷനായിരിക്കും.100 വർഷത്തിലേറെ പഴക്കമുള്ള അടൂർ കോടതി വളപ്പിൽ മതിയായ സ്ഥലമുണ്ടെങ്കിലും ആവശ്യമായ കെട്ടിടങ്ങളുടെ അഭാവമാണ് ഇന്നും മുൻസിഫ്,ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതികളിൽ മാത്രം ഒതുങ്ങിയത്.സബ് കോടതിയും കുടുംബ കോടതിയും വേണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ടെങ്കിലും സ്ഥലപരിമിതിയായിരുന്നു പ്രധാന തടസമായത്.പുതിയ കോടതി സമുശ്ചയം എന്ന ആശയം ഉടലെടുത്തത് ഇതോടെയാണ്.ചിറ്റയം ഗോപകുമാർ എം.എൽ.എ സമർപ്പിച്ച പദ്ധതിയിൽ ഉൾപ്പെടുത്തി കോടതിക്ക് ബഹുനില മന്ദിരം നിർമ്മിക്കാൻ 2015 -16 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ തുക വകയിരുത്തിയത്.പൈൽ ഫൗണ്ടേഷനോട് കൂടി ഭാവിയിൽ 6 നിലകളോടു കൂടിയ മന്ദിരം നിർമ്മിക്കുന്നതിനാണ് പദ്ധതി.നിലവിൽ അനുവദിച്ച തുകകൊണ്ട് ആദ്യഘട്ടമായി നാല് നിലകൾ ഉയരും.ഒന്നാം ക്ളാസ് ജുഡീഷ്യൽ മിസ്ട്രേറ്റ് കോടതി നിന്ന ഭാഗത്താണ് പുതിയ കെട്ടിട സമുശ്ചയം ഉയരുക.ഇതിനായി നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ച് നീക്കം ചെയ്യുകയും കോടതിയുടെ പ്രവർത്തനം താൽക്കാലികമായി ബാർഅസോസിയേഷൻ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റി.പാരമ്പര്യ തനിമിയിൽ 91വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച കോടതി കെട്ടിടം അതേപോലെ നിലനിറുത്തി സംരക്ഷിക്കും.കൊല്ലവർഷം 1104 -ൽ നിർമ്മിച്ച കെട്ടിടത്തിൽ ഇന്നും തിരുവിതാംകൂർ രാജകുടുംബത്തിന്റെ ശംഖ് മുദ്ര പഴയതെളിമയോടെ ഇന്നുമുണ്ട്.
നിർമ്മാണ ചെലവ് : 9.31കോടി
നാല് നിലകളിലായി 2961 ചതുരശ്ര മീറ്റർ വിസ്തീർണം
136 പൈലുകൾ കെട്ടിടത്തെ താങ്ങി നിറുത്തും.
ഗ്രൗണ്ട് ഫ്ളോറിൽ പാർക്കിംഗും ജുഡീഷ്യൽ സർവീസ് സെന്ററും
ഒന്നാം നില: ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയും അനുബന്ധ ഒാഫീസുകളും
രണ്ടാം നില : മുൻസിഫ് കോടതിയും അനുബന്ധ ഒാഫീസുകളും
മൂന്നും നാലും നിലകൾ : ഭാവിയിൽ ലഭിക്കാൻ പോകുന്ന കോടതികൾക്കായി മാറ്റിവയ്ക്കും.
ഭാവിയിൽ അടൂരിന് അനുവദിക്കാൻ സാദ്ധ്യതയുള്ള സബ്കോടതി ഉൾപ്പെടെയുള്ളവ പ്രവർത്തിക്കാനുള്ള സൗകര്യത്തോടെയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.കെട്ടിടം നിർമ്മിക്കുന്നതിനുള്ള പൈലിംഗ് ജോലികൾ ആരംഭിച്ചു.18 മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാണ് കരാർ വ്യവസ്ഥ.
ചിറ്റയം ഗോപകുമാർ
(എം. എൽ. എ)