thazhur

> വാസ്തുശിൽപ്പ ചാരുതയിൽ ശ്രദ്ധേയം

> ചെലവ് 4 കോടി

പത്തനംതിട്ട: തനതു കേരളീയ വാസ്തുവിദ്യാശൈലിയുടെ ചാരുതയുമായി താഴൂർ ഭഗവതിക്ഷേത്ര നിർമാണം അവസാന ഘട്ടത്തിലേക്ക്. പൂർണമായും കൃഷ്ണശിലയിലാണ് നിർമിക്കുന്നത്. തടിയിലും കല്ലിലും തീർത്ത ശിൽപകലയാണ് മുഖ്യ ആകർഷണം. ശ്രീകോവിൽ, നമസ്‌കാര മണ്ഡപം, യക്ഷി അമ്പലം, ബലിക്കൽപ്പുര എന്നിവയുടെ നിർമാണം പൂർത്തിയായി. ചുറ്റമ്പലത്തിൽ ഓട് പാകുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. നാലുകോടിയോളം മുടക്കി നിർമിക്കുന്ന ക്ഷേത്രം മൂന്നു വർഷംകൊണ്ടാണ് പൂർത്തീകരിക്കുന്നത്.

ഭക്തരെ സ്വീകരിക്കുന്ന ബലിക്കൽപ്പുര മുതൽ ശിൽപകലയുടെ സൗന്ദര്യം അനുഭവിച്ചറിയാം. ബലിക്കൽപ്പുരയുടെ മച്ചിൽ നവഗ്രഹങ്ങൾ, മറ്റൊരു ഭാഗത്തായി ദേവീമാഹാത്മത്യത്തിലെ സന്ദർഭം എന്നിവ കൊത്തിയിട്ടുണ്ട്. ഇതോടൊപ്പം അക്ഷര ദേവത ശിൽപങ്ങളും ഇവിടെ കാണാം. 51 അക്ഷരങ്ങളിലും നിറയുന്ന ദേവീമന്ത്ര രൂപങ്ങളെയാണ് കൊത്തിയിരിക്കുന്നത്.
നമസ്‌കാര മണ്ഡപത്തിൽ പക്ഷിമാല, അഷ്ടലക്ഷ്മി, കഴുക്കോൽത്താടിയിൽ ആന എന്നിങ്ങനെയുള്ള ശിൽപ്പങ്ങളും തീർത്തിട്ടുണ്ട്.

ക്ഷേത്ര ശ്രീകോവിലിന്റെ ബാലകൂട ഉത്തരങ്ങളിലും വ്യത്യസ്തങ്ങളായ കൊത്തുപണികൾ തീർത്തിട്ടുണ്ട്. പ്ലാവ്, തേക്ക്, ആഞ്ഞിലി എന്നീ തടികളാണ് ഉപയോഗിക്കുന്നത്. തൃശൂർ ചേലക്കര സ്വദേശി സുരേഷ് ആശാരിയുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് തടിപ്പണികൾക്ക് പിന്നിൽ.

> ഒറ്റക്കൽ തൂണുകൾ

ക്ഷേത്രത്തിലെ തൂണുകൾ പൂർണമായും ഒറ്റക്കല്ലിൽ തീർത്തതാണ്. ഇതിൽ ശിൽപങ്ങളും കൊത്തിവച്ചിട്ടുണ്ട്. കൃഷ്ണശിലകളിലെ വലിയ കല്ലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. പൂർണമായും കല്ലിൽ തീർത്തതുകൊണ്ടു തന്നെ ക്ഷേത്രത്തിന് ആകർഷണീയതയും ഏറെയാണ്. യക്ഷി അമ്പലത്തിൽ ഒറ്റക്കല്ലിൽ തീർത്ത ചങ്ങലയും കാണാം. തിരുച്ചിറപ്പള്ളി സ്വദേശി മാർക്കണ്ഡന്റെ നേതൃത്വത്തിലാണ് കൽപ്പണികൾ.

നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ജൂൺ ഒന്നിന് പ്രതിഷ്ഠാകർമങ്ങൾ നടക്കും. ആറൻമുള വാസ്തുവിദ്യാ ഗുരുകുലത്തിലെ എ. ബി. ശിവനാണ് ക്ഷേത്രത്തിന്റെ രൂപകൽപന ചെയ്തിരിക്കുന്നത്. ക്ഷേത്ര പുനർനിർമാണത്തിനായി ചന്ദനപ്പള്ളി എസ്.ബി.ഐയിൽ താഴൂർ ദേവസ്വം ജനറൽ കമ്മിറ്റി അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67377210503. ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ഐ.എൻ 0070957.