ചിറ്റാർ : നാടിനെ പ്ലാസ്റ്റിക്ക് മാലിന്യ മുക്തമാക്കാനുള്ള ഒരുക്കത്തിലാണ് ചിറ്റാർ ഗ്രാമപഞ്ചായത്ത്. ഹരിത കർമ്മസേന രൂപീകരിച്ചാണ് പ്രവർത്തനം. എല്ലാ വാർഡുകളിലെയും വീടുകളിലെത്തി പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വലിച്ചെറിയരുതെന്ന സന്ദേശം ഇവർ നൽകും. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ചു വയ്ക്കണം. വീടുകളിലേക്കു കൊണ്ടുവരുന്ന പാലിന്റെ കവർ ഉൾപ്പെടെ കഴുകി വൃത്തിയാക്കി വീട്ടുകാർ സൂക്ഷിക്കണം. ഹരിതകർമ്മസേന മാസത്തിൽ ഒരിക്കലെത്തി ഇവ ശേഖരിക്കും.
വീടുകളുടെ പരിസരത്തുനിന്ന് ഇവർ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നേരിട്ട് ശേഖരിക്കില്ല.
ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ ഗ്രാമപഞ്ചായത്തിന്റെ ചുമതലയിൽ സൂക്ഷിക്കും. അവിടെനിന്ന് ക്ലീൻ കേരള കമ്പനി ഏറ്റെടുത്ത് ശാസ്ത്രീയമായി സംസ്‌കരിക്കും. പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് കവറുകൾ പോലെയുള്ളവ വിറ്റ് തുക ഉടമകൾക്കു നൽകും. മറ്റു പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ റീസൈക്കിൾ ചെയ്ത് റോഡ് ടാറിംഗിന് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.
-----------------
ഉണർവായി ഹരിത കർമ്മസേന
പ്ലാസ്റ്റിക്ക് ശേഖരിക്കുന്നതിന് കടകൾ 50 രൂപയും വീടുകൾ 30 രൂപയും നൽകണം.
പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ഗ്രാന്റ് അനുവദിച്ചു
13 വാർഡുകൾക്കായി 24 ഹരിത കർമ്മസേന അംഗങ്ങൾ
>>>>
കെ.യു ജനീഷ്‌കുമാർ എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു.
ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രവികല എബി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാജു വട്ടമല, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.കെ സജി, ഷൈലജ ബീവി, ഓമന പ്രഭാകരൻ, പഞ്ചായത്ത് അംഗങ്ങളായ വയ്യാറ്റുപുഴ അജയൻ, മറിയാമ്മ വർഗീസ്, മോഹൻദാസ്, ഡി.ശശിധരൻ, എലിസബത്ത് ജോസഫ്, സുജാ ശ്രീകുമാർ, അന്നമ്മ ജോർജ്, ഹരിതകേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ എം.കെ ഷിറാസ്, പഞ്ചായത്ത് സെക്രട്ടറി ഡി. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.