കോന്നി: ഗ്രാമപഞ്ചായത്ത് വയോജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനായി നടത്തുന്ന പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പുകൾ തുടങ്ങി. ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി യിൽ ഉൾപ്പെടുത്തി നടത്തുന്ന ആയൂർവേദ മെഡിക്കൽ ക്യാമ്പിനും തുടക്കമായി. കോന്നി പഞ്ചായത്തിൽ ആയൂർവേദ വകുപ്പിന്റെ നേതൃത്വത്തിൽ നാല് മെഡിക്കൽ ക്യാമ്പുകളാണ് നടത്തുന്നത്. അലോപ്പതി, ഹോമിയോ, ആയൂർവേദ വകുപ്പുകളുടെ സേവനം ലഭ്യമായിരുന്നു. ഹോമിയോ വകുപ്പിന്റെ നേതൃത്വത്തിൽ 106 പേർക്ക് ചിക്കൻപോക്‌സ് പ്രതിരോധ മരുന്ന് നൽകി. ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ബിനിലാൽ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രജനി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ, ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനിസാബു, തുളസി മോഹൻ, മാത്യു പറപ്പള്ളിൽ, ഇ.പി.ലീലാമണി, ഡോക്ടർമാരായ യു.കെ.ഗോപിക, ലക്ഷ്മി ഡാർലിംഗ്, ചിന്നു രാജൻ എന്നിവർ പ്രസംഗിച്ചു.