പന്തളം: പന്തളം നഗരസഭയിലെ തോട്ടക്കോണം,മുളമ്പുഴ മങ്ങാ​രം, തോന്നല്ലൂർ മുടിയൂർക്കോണം എന്നീ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു.കെ.ഐ. പി. കനാലിൽ തോന്നല്ലൂർ ക്ഷേത്രഭാഗം വരെ മാത്രമേ വെള്ളം എത്തുന്നുള്ളൂ.പടിഞ്ഞാറോട്ടുള്ള ഭാഗത്ത് പലയിടത്തും കനാൽ മുറിഞ്ഞു കിടക്കുകയാണ്. ഇവിടെ മെയിന്റൻസ് നടത്താനോ ശുചീകരികരണത്തിനോ കെ.ഐ. പി.അധികൃതർ തയാറാകാത്തതുമൂലം കനാലിൽ മാലിന്യം തള്ളുന്ന ഇടമായി മാറിയിരിക്കുകയാണ്.ഇതു മൂലം തോട്ടക്കോണം മു​ടിയൂർക്കോണം മുളമ്പുഴ മങ്ങാരം തോന്നല്ലൂർ പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കാർഷിക വിളകൾ കരിഞ്ഞുണങ്ങി. പന്തളം നഗരസഭാ കൗൺസിൽ മാസങ്ങൾക്കു മുമ്പേ കനാൽ അറ്റകുറ്റപ്പണി നടത്തി വെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കണമെ​ന്ന് കെ.ഐ.പി. അധികൃതരോടാവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.കൗൺസിൽ തീരുമാനപ്രകാരം വാട്ടർ അതോറിട്ടിയുടെ പൈപ്പുലൈൻ ഇല്ലാത്ത പ്രദേശങ്ങളിൽ എസ്റ്റിമേറ്റെടുത്ത് നൽകിയിട്ട് പണം അടയ്ക്കാൻ നഗരസഭ കൂട്ടാക്കാത്തതും കുടിവെള്ള ക്ഷാമത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു.അടിയന്തരമാ​യി കെ.ഐ.പി. കനാൽ അറ്റകുറ്റപ്പണി നടത്തിയും ശുചീകരിച്ചും വെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും കൗൺസിലർമാരായ കെ.ആർ.വിജയകുമാർ ജി. അനിൽകുമാർ,മഞ്ജു വിശ്വനാഥ്,സുനിതാ വേണു എന്നിവർ പറഞ്ഞു.