ചെങ്ങന്നൂർ: ഏകമകൻ അഖിൽജിത്തിനെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മാതാവ് രംഗത്തെത്തി. തിരുവൻവണ്ടൂർ കോലടത്തുശേരിമുറിയിൽ തറയിൽ വീട്ടിൽ രാധയാണ് പരാതിക്കാരി . 2018 ഡിസംബർ ഒന്നിനാണ് വീടിനു സമീപമുള്ള ആൾത്താമസമില്ലാത്ത മറ്റൊരു വീടിന്റെ പടിപ്പുര ഗേറ്റിന്റെ മേൽക്കൂരയിൽ തൂങ്ങി മരിച്ച നിലയിൽ അഖിൽജിത്തി (അപ്പു - 16) ന്റെ മൃതദേഹം കണ്ടത്.
തുടർന്ന് രാത്രി ഒരു മണിയോടെ പൊലീസെത്തി മൃതദേഹം അഴിച്ചുമാറ്റി സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. പിറ്റേന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. ഒരു കാലിന്റെ പുറത്ത് മറ്റേക്കാൽ തൊട്ട് നിൽക്കുകയും പടിപ്പുരയുടെ പടിയിൽ വിരലുകൾ മുട്ടിയനിലയിലുമാണ് മൃതദേഹം കണ്ടത്. മകൻ തൂങ്ങി മരിക്കത്തക്കവണ്ണമുള്ള ഒരു കാര്യവും ഇല്ലെന്ന് രാധ പറഞ്ഞു. തൂങ്ങി മരിക്കാൻ ഉപയോഗിച്ചു എന്നു കരുതപ്പെടുന്ന കയർ എവിടെ നിന്നു കിട്ടി എന്ന് അന്വേഷിച്ചിട്ടില്ല. എപ്പോഴും ആൾ സഞ്ചാരമുള്ള വഴിയിലാണ് മൃതദേഹം കണ്ടത്. ഇവിടെ തൂങ്ങി മരിക്കാനുള്ള സാദ്ധ്യതയും കുറവാണ്. സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന മകന്റെ കൂട്ടുകാരെക്കുറിച്ചും മറ്റ് ചില സാക്ഷികളെക്കുറിച്ചും വ്യക്തമായ സൂചനകൾ നൽകിയിട്ടും പൊലീസ് അന്വേഷിച്ചിട്ടില്ല. മുഖ്യമന്ത്രി ,പ്രതിപക്ഷ നേതാവ്, ,ഡി.ജി.പി എന്നിവർക്കെല്ലാം രാധ പരാതി നൽകിയിരുന്നു.