ഇലവുംതിട്ട: കേരള സർക്കാരിന്റെ ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായി മെഴുവേലി പഞ്ചായത്തിലുള്ള ഹോട്ടലുകളിലും ഭക്ഷണ സാധനങ്ങൾ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങളിലും പഞ്ചായത്തും ആരോഗ്യ വിഭാഗം ജീവനക്കാരും സംയുക്തമായി പരിശോധന നടത്തി. ഇലവുംതിട്ട, മെഴുവേലി ജംഗ്ഷനുകളിലെ അഞ്ച് ഹോട്ടലുകൾ, അഞ്ച് കൂൾബാറുകൾ, മൂന്ന് ബേക്കറികൾ, മറ്റ് രണ്ട് സ്ഥാപനങ്ങൾ ഉൾപ്പെടെ 15 സ്ഥാപനങ്ങളിലാണ് ആദ്യഘട്ട പരിശോധന നടത്തിയത്. ഭക്ഷണസാധനങ്ങളുടേയും, വെള്ളത്തിന്റെയും ഗുണനിലവാരം,ശുചിത്വം,മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ,പ്‌ളാസ്റ്റിക്കിന്റെ ഉപയോഗം എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. പകർച്ചവ്യാധികൾ പടരുന്ന സാഹചര്യം സൃഷ്ടിച്ചതിന് ഒരു സ്ഥാപനത്തിനും,ജലസ്രോതസുകൾ മലിനമാക്കിയതിന് രണ്ട് സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി. രണ്ട് സ്ഥാപനങ്ങളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു.
ആദ്യഘട്ട പരിശോധനയിൽ താക്കീത്
ആദ്യഘട്ടം എന്ന നിലയിൽ കുറ്റക്കാരെ താക്കീത് ചെയ്തു, കുറ്റംവീണ്ടും ആവർത്തിച്ചാൽ പിഴ ഈടാക്കുന്നതും സ്ഥാപനം അടച്ചു പൂട്ടുന്ന തടക്കം ഉള്ള നടപടികൾ സ്വീകരിക്കുന്നതാണന്ന് അറിയിച്ചു.മെഴുവേലി പി.എച്ച് സിയിലെ മെഡിക്കൽ ഓഫീസർ ഡോ.നിഷ,പഞ്ചായത്ത് അസി.സെക്രട്ടറി കെ.സന്തോഷ് കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽ പ്രസാദ്, ജെ.എച്ച്.ഐ മാരായ അനിൽ, ജോസ്,ശ്യാമള,ക്ലർക്ക് സംഗീത, എന്നിവരടങ്ങുന്ന സ്‌ക്വാഡാണ് പരിശോധന നടത്തിയത്.
-ആദ്യഘട്ട പരിശോധന 15 സ്ഥാപനങ്ങളിൽ
-പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു
വരും ദിവസങ്ങളിൽ കൂടുതൽ സ്ഥാപനങ്ങളിൽ പരിശോധന നടത്തും.
(പഞ്ചായത്ത് ആരോഗ്യ
വിഭാഗം അധികൃതർ)