കടമ്പനാട് : പ്രസിദ്ധമായ ഉച്ചബലി ഉത്സവത്തിന് മണ്ണടി ദേശവും ക്ഷേത്രങ്ങളും ഒരുങ്ങി. കൊടിയേറ്റ് അറിയിച്ചുകൊണ്ട് രാവിലെ ഏഴര വെളുപ്പിന് ആവണം പാറമല ദേവസ്ഥാനത്ത് കതിന പൊട്ടിച്ച് ഭൂതഗണങ്ങളെ ഉയർത്തി. മുടിപ്പുരദേവീക്ഷേത്രത്തിൽ ഉത്സവത്തിന് തുടക്കം കുറിച്ച് കൊടിയേറ്റും സദ്യയും നടന്നു. പുതിയകാവ്, പഴയകാവ്, മുടിപ്പുര ദേവീക്ഷേത്രങ്ങളിലായാണ് ഉത്സവ ഒരുക്കങ്ങൾ നടന്നുവരുന്നത്. ഇന്ന് രാത്രി തിരുമുടി എഴുന്നെള്ളിച്ച് വാക്കവഞ്ഞിപ്പുഴ മഠത്തിലെ ഗണപതി സ്ഥാനത്തും മുഹുർത്തിക്കാവിലും താളംചവിട്ടി ആവണംപാറമല കയറി പുതിയകാവ് ദേവീക്ഷേത്രത്തിൽ എത്തുന്നതോടെ ഉച്ചബലി മഹോത്സവത്തിന്റെ കൊടിയേറ്റ് പൂർണമാകും. 25 ന് വൈകിട്ട് 4 മുതൽ നടക്കുന്ന തിരുമുടി എഴുന്നെളളത്തിന് ആയിരങ്ങൾ അകമ്പടിയാകും. എഴുന്നെള്ളത്ത് വാക്കമഞ്ഞിപ്പുഴ മഠത്തിൽ എത്തി താളം ചവിട്ടി മുത്തുക്കുടകളുടേയും വാദ്യമേളങ്ങളുടെയും തീവെട്ടിയുടെയും അകമ്പടിയോടെ പരമ്പരാഗത പാതയായ ആവണംപാറ കയറി പഴയകാവ് ദേവീക്ഷേത്രത്തിൽ എത്തി ദർശനം നൽകും. തുടർന്ന് രാത്രി 12ന് പേച്ചുകളത്തിൽ ദാരികനിഗ്രഹം നടത്തി ചടങ്ങുകൾക്ക് ശേഷം മുടിപ്പുര ദേവീക്ഷേത്രത്തിൽ തിരിച്ചെത്തുന്നതോടെ ഉച്ചബലി ഉത്സവം സമാപിക്കും. ഹൈക്കോടതി ഉത്തരവ് പ്രകാരം ക്ഷേത്രം റിസീവർ അഡ്വ.ബി. രാധാകൃഷ്ണൻ നായർ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും.