പത്തനംതിട്ട : കൊടുംചൂടിൽ കുപ്പിവെള്ളത്തിന് വൻ വിൽപനയാണ്. വില 20 രൂപ. 13 രൂപയാക്കി കുറയ്ക്കാനുള്ള സർക്കാർ തീരുമാനം ഇതുവരെ നടപ്പായിട്ടില്ല. ഇക്കഴിഞ്ഞ പന്ത്രണ്ടിനാണ് കുപ്പിവെള്ള വില 13 രൂപയാക്കി സർക്കാർ ഉത്തരവിറക്കിയത്. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ ഉണ്ടാകുമെന്ന് സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം 13 രൂപയാക്കിയെങ്കിലും ചില കമ്പനികൾ കുറയ്ക്കാൻ തയ്യാറായില്ല.
ചില്ലറ വിൽപനക്കാർക്ക് നികുതി ഉൾപ്പെടെ എട്ട് രൂപയ്ക്ക് ലഭിക്കുന്ന കുപ്പി വെള്ളമാണ് 20 രൂപയ്ക്ക് വിൽക്കുന്നത്. തണുപ്പിച്ച് നൽകുന്നതിന് വൈദ്യുതി ചെലവാകുന്നുണ്ടെന്നാണ് വ്യാപാരികളുടെ വാദം.. എന്നാൽ തണുപ്പില്ലാത്ത വെള്ളവും ഇതേ രൂപയ്ക്കാണ് വിൽക്കുന്നത്.
ഗുണനിലവാരമില്ലാത്ത കുപ്പിവെള്ളം വിൽക്കാൻ അനുവദിക്കില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഇതും നടപ്പായില്ല.
---------------------------
"ചൂട് കൂടിയതിനാൽ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന വെള്ളം പെട്ടെന്ന് തീരും. പിന്നെ കുപ്പിവെള്ളമാണ് വാങ്ങുന്നത്. എപ്പോഴും 20 രൂപയ്ക്ക് വെള്ളം വാങ്ങിക്കുടിക്കാൻ കഴിയില്ല
പ്രകാശ് കിഴക്കുപുറം
ആംബുലൻസ് ഡ്രൈവർ