തണ്ണിത്തോട്: കനത്ത വേനലിൽ മലയോരത്തെ ഒട്ടുമിക്ക പ്രദേശങ്ങളും ജലക്ഷാമത്തിന്റെ പിടിയിലായി.തണ്ണിത്തോട് മൂഴിയിൽ ശുദ്ധജല പദ്ധതി വേണമെന്ന നാട്ടുകാരുടെ ആവശ്യവും ശക്തമാകുന്നു.തണ്ണിത്തോട് പഞ്ചായത്തിലെ തേക്കുതോട്,മുർത്തിമൺ,കൂത്താടിമൺ,മേടപ്പാറ,മേക്കണ്ടം,കരുമാൻതോട്,പൂച്ചക്കുളം,തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ജലക്ഷാമത്തിന്റെ പിടിയിലാണ്.തേക്കുത്തോട് ശുദ്ധജല പദ്ധതി 2011ലാണ് ഉദ്ഘാടനം ചെയ്തത്.ഇതിന്റെ ഭാഗമായ തേക്കുതോട് മൂഴിക്ക് സമീപമുള്ള പമ്പ്ഹൗസിൽ നിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്. തുടക്കത്തിൽ 25 കിലോമീറ്റർ നീളത്തിൽ പൈപ്പ് ലൈനും, 50പൊതു ടാപ്പുകളുമാണുണ്ടായിരുന്നത്. ഇപ്പോൾ 250 പൊതുടാപ്പുകളും,1000 ഗാർഹിക കണക്ഷനുകളുമാണുള്ളത്.വർഷം തോറും വിവിധ പ്രദേശങ്ങളിലേക്ക് പൈപ്പുലൈനുകളും നീട്ടി.പമ്പിന്റെ ശേഷി കുറഞ്ഞ് കൂടുതൽ സമയം പമ്പിംഗ് വേണ്ടി വരുന്നതിനാൽ കാ ര്യക്ഷമമായ ശുദ്ധജല വിതരണം സാധിക്കാതെ വരുന്നു.കാലപ്പഴക്കം കൊണ്ട് ശേഷി കുറവായ പമ്പും, മോട്ടറും വ്യാസം കുറഞ്ഞ വിതരണ പൈപ്പുകളും സംഭരണ ശേഷി കുറഞ്ഞ ടാങ്കുകളും കാരണം പല സ്ഥലങ്ങളിലും അവശ്യത്തിന് വെള്ളമെത്തിക്കാനാവുന്നില്ല. ഇനിയും പല ഭാഗങ്ങളിലും പൈപ്പ്‌ലൈൻ എത്താനുമുണ്ട്.രണ്ട് വർഷം മുൻപ് കരിമാൻതോടിന് വെള്ളം പമ്പ് ചെയ്യുന്ന മൊട്ടർ തകരാറിലായതിനെ തുടർന്ന് കരിമാൻതോട്,മൂർത്തിമൺ എന്നിവിടങ്ങളിലേക്ക് ഒരേ മോട്ടറിൽ നിന്ന് വെള്ളം മാറി പമ്പ് ചെയ്യുകയാണിപ്പോൾ.ഇപ്പോഴുള്ളത് ശേഷി കുറഞ്ഞ പമ്പും,മോട്ടറുമാണ്. ടാങ്കുകളും,പൈപ്പുകളും ചെറുതുമാണ്.25 വർഷങ്ങൾക്ക് മുൻപാണ് സ്‌കീമം തയാറാക്കിയത്.പിന്നീട് ഫണ്ടിന്റെ ലഭ്യത കുറവനുസരിച്ച് വെട്ടിച്ചുരുക്കി. തകരാറുണ്ടായാൽ പകരം പ്രവർത്തിപ്പിക്കാനുള്ള മോട്ടറും,പമ്പ് സെറ്റും ഈ പദ്ധതിയിലില്ല.

--------------------------------

വേനൽ കടുത്തതോടെ ശുദ്ധജല ക്ഷാമം വർദ്ധിക്കുമ്പോൾ നിലവിലുള്ള കാലഹരണപ്പെട്ട പദ്ധതി അടിമുടി മാറ്റുകയോ,തണ്ണിത്തോട് മൂഴിയിൽ പുതിയ ശുദ്ധജല പദ്ധതി നടപ്പിലാക്കുകയാ വേണം.

(പ്രദേശ വാസികൾ)

----------------------------------

തണ്ണിത്തോട് മൂഴിയിൽ ശുദ്ധജല വിതരണ പദ്ധതി യാഥാർത്ഥ്യമാക്കി പറക്കുളം, മേക്കണ്ടം മലകളിൽ രണ്ട് ടാങ്കുകൾ സ്ഥാപിച്ചാൽ പഞ്ചായത്തിലെ 11വാർഡുകളിലും കൃത്യമായി വെള്ളമെത്തിക്കാൻ കഴിയും.

പി.ഡി.ശശിധരൻ

(മുൻ വാട്ടർ അതോറിറ്റി
ഉദ്യോഗസ്ഥൻ)

----------------------------------------------

തേക്ക്തോട് ശുദ്ധജല പദ്ധതി

-250 പൊതുടാപ്പുകളും,1000 ഗാർഹിക കണക്ഷനുകളും

-വർഷം തോറും വിവിധ പ്രദേശങ്ങളിലേക്ക് കണക്ഷനുകൾ നീട്ടുന്നു

- പമ്പിന്റെ ശേഷി കുറഞ്ഞത് ജലവിതരണത്തിന് തടസമാകുന്നു