പന്തളം:വെള്ളമില്ലാതെ കുളനട പനങ്ങാട് ഏലംതാറ്റ് പുഞ്ചയിലെ 10 ഏക്കറിലെ നെൽകൃഷി നശിക്കുന്നു. വേനൽ കടുത്തതോടെ പാടങ്ങൾ വിണ്ടുകീറി നെൽച്ചെടികൾ ഉണങ്ങിത്തുടങ്ങി. അറുപതേക്കറുള്ള ഏലംതാറ്റ് പാടശേഖരത്തിലെ 10 ഏക്കറിലേ ഇത്തവണ കൃഷി ചെയ്തുള്ളു.
കുളനട ഗ്രാമപഞ്ചായത്തിലെ 12,13, വാർഡുകളിലായാണ് പുഞ്ച.15 വർഷത്തിലേറെതരിശായി കിടന്ന ഇവിടെ 4 വർഷം മുമ്പാണ് കൃഷി പുന:രാരംഭിച്ചത്. പക്ഷേ കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത് . അതുകൊണ്ട് പലരും പിൻവാങ്ങി. ഇത്തവണ പനങ്ങാട് രവീന്ദ്രവിലാസത്തിൽ ഭരതരാജൻ പിള്ളയും, കൈപ്പുഴ നന്ദാവന ത്തിൻ മനോജും മാത്രമാണ് കൃഷിചെയ്തത്.
പുഞ്ചയുടെ മദ്ധ്യഭാഗത്തു കുടി അമ്പത് സെന്റിലുള്ള കൊല്ലന്റെ പടി ചാലുണ്ട്. ഇതിൽ നിന്ന് അച്ചൻകോവിലാറിന്റെ കാനാക്കടവിൻ കടവിലേക്ക് കൈത്തോടുമുണ്ട്. ഈ ചാലും കൈത്തോതോടും ആഴവും വീതിയും കൂട്ടി പുനർനിർമ്മിച്ച് സംരക്ഷിച്ചാൽ മഴക്കാലത്ത് അധികമുള്ള ജലം ഇതിലേക്ക് തുറന്നുവിടുന്നതിനും വരൾച്ചക്കാലത്ത് ചാലിൽ നിന്ന് വെള്ളം പമ്പുചെയ്ത് കൃഷിക്ക് ഉപയോഗിക്കാനും കഴിയും,
ഗ്രാമസഭകളിൽ കർഷകർ ഇൗ ആവശ്യം ഉന്നയിക്കുമ്പോൾ പദ്ധതിയിൽ ഉൾപ്പെടുത്താമെന്ന് പറയുമെങ്കിലും നടപടി ഉണ്ടാകാറില്ല.
പുഞ്ചയുടെ ഓരങ്ങളിൽ ഏഴ് കുളങ്ങളുണ്ട്. ഇവയും സംരക്ഷിക്കാൻ നടപടിയില്ല.
ജനുവരിയിൽ വിത്തുവിതച്ച നെൽ കൃഷിയാണ് നശിക്കുന്നത്. അത്യുത്പാദനശേഷിയും 120 ദിവസം മൂപ്പുമുള്ള ഉമ ഇനത്തിൽപ്പെട്ട വിത്താണ് വിതച്ചത്. ഇപ്പോൾത്തന്നെ ഏക്കറിന് ഇരുപതിനായിരത്തോളം രൂപ വീതം ചെലവായിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷവും പ്രളയത്തിൽ ഇവരുടെ വിളകൾക്ക് നാശം സംഭവിച്ചിരുന്നു. പക്ഷേ ആനുകൂല്യം ലഭിച്ചില്ല.
---------------
കൃഷി ചെയ്തത് 10 ഏക്കറിൽ
ആവശ്യങ്ങൾ
1 ചാലും കൈത്തോതോടും നവീകരിക്കണം
2.കുളങ്ങൾ സംരക്ഷിക്കണം
പ്രതീക്ഷ
മൈനർ ഇറിഗേഷൻ പദ്ധതിയിൽ 43 ലക്ഷം രൂപ ചെലവിൽ അച്ചൻകോവിലാറിന്റെ കാനാക്കടവിൽ കടവിൽ മോട്ടർ, പമ്പ് ഹൗസ്,ചീപ്പ് ഷട്ടർ എന്നിവ സ്ഥാപിക്കുമെന്നറിയുന്നു. ഇത് സ്ഥാപിച്ചാൽ കൃഷിക്കാവശ്യമായ ജലം ലഭിക്കും.