9 കി.മീറ്ററിൽ രണ്ട് കുടുംബങ്ങൾ ഒഴികെ
മറ്റുള്ളവരെല്ലാം സ്ഥലം വിട്ടുനൽകി
തിരുവല്ല: രാജ്യാന്തര നിലവാരത്തിൽ വീതികൂട്ടി നിർമ്മിക്കുന്ന കുറ്റൂർ - മനയ്ക്കച്ചിറ - മുത്തൂർ റോഡിന്റെ ജോലികൾ ദ്രുതവേഗത്തിലായി. സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള വലിയ കടമ്പകളെല്ലാം അവസാനഘട്ടത്തിലാണ്. കുറ്റൂർ മുതൽ മനയ്ക്കച്ചിറ വരെയുള്ള ആദ്യറീച്ചിലെ വീതികൂട്ടാൻ ആവശ്യമായ സ്ഥലം എല്ലാവരും വിട്ടു നൽകി. ഇതോടെ റോഡ് നിരപ്പാക്കൽ ഉൾപ്പെടയുള്ള ജോലികളാണ് പുരോഗമിക്കുന്നത്. ഈ റോഡിന്റെ സർവ്വേ ഉൾപ്പെടെയുള്ള ജോലികൾ കഴിഞ്ഞ മാർച്ചിൽ തുടങ്ങിയതാണ്.സ്ഥലം ഏറ്റെടുക്കലായിരുന്നു പ്രധാന കടമ്പ. ഇതിനിടെ പ്രളയവുംമറ്റും ജോലികൾ വൈകിപ്പിച്ചു. രണ്ടാംറീച്ച് മനയ്ക്കച്ചിറ മുതൽ കിഴക്കൻമുത്തൂർ വരെയാണ്. ഇവിടെ സ്ഥലം ഏറ്റെടുക്കൽ അവസാന ഘട്ടത്തിലാണ്. രണ്ട് കുടുംബങ്ങൾ ഒഴികെ മറ്റുള്ളവരെല്ലാം സ്ഥലം വിട്ടുനൽകാൻ സന്നദ്ധരായി. ഇവിടെയും റോഡ് നിരപ്പാക്കൽ ജോലികൾ നടന്നുവരികയാണ്. കുറ്റൂർ മുതൽ കിഴക്കൻമുത്തൂർ വരെ 9കി.മീ. ദൂരത്തിലെ നിർമ്മാണങ്ങൾ വേഗത്തിലായി. ഇത് പൂർത്തിയാകുന്നതോടെ മൂന്നാംറീച്ചായ കിഴക്കൻ മുത്തൂർ - ചുമത്ര - മുത്തൂർ ജംഗ്‌ഷൻ വരെയുള്ള ജോലികൾ ആരംഭിക്കും. അടുത്ത മഴക്കാലത്തിനുമുമ്പ് റോഡിന്റെ നിർമ്മാണം പരമാവധി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് പൊതുമരാമത്ത് വകുപ്പും കരാറുകാരും.
കുറ്റൂർ - മനയ്ക്കച്ചിറ - മുത്തൂർ റോഡ്
കിഫ്ബി പദ്ധതിയിൽ
ചെലവിടുന്നത് : 25.83 കോടി
(ബി.എം ആൻഡ് ബി.സി നിലവാരത്തിൽ വശങ്ങളിൽ ഓടയും നടപ്പാതയും ചേർത്താണ് നിർമാണം.)
നീളം : 12 കിലോമീറ്റർ, വീതി: 8 മീറ്റർ
ടാറിംഗ് : 5.5 മീറ്റർ വീതിയിൽ .
സ്ഥലം സമീപവാസികൾ സൗജന്യമായി വിട്ടുനൽകിയാൽ മാത്രമേ നിർമാണം നടത്താൻ കഴിയുകയുള്ളു. റോഡ് കടന്നുപോകുന്ന പ്രധാന ജംഗ്‌ഷനുകളായ കുറ്റൂർ, മനയ്ക്കച്ചിറ, കിഴക്കൻമുത്തൂർ, മുത്തൂർ എന്നിവിടങ്ങളിൽ കൂടുതൽ സ്ഥലം ആവശ്യമാണ്. കുറ്റൂരും മുത്തൂരും എം.സി റോഡ് പ്രവേശിക്കുന്ന ഇടമായതിനാൽ വീതി ആവശ്യമാണ്.
റോഡിന്റെ നിർമാണം പൂർത്തിയാകുന്നതോടെ തിരുവല്ല നഗരത്തിന്റെ ഔട്ടർ റിംഗ് റോഡായി ഉപയോഗിക്കാം.
സുഭാഷ്കുമാർ,
പി.ഡബ്ല്യൂ.ഡി അസി. എക്സി.എൻജിനിയർ
നാട്ടുകടവിൽ പാലം പണി തുടങ്ങി
മനയ്ക്കച്ചിറ - കിഴക്കൻ മുത്തൂർ റോഡിൽ നാട്ടുകടവിലെ ചെറിയ പാലം പൊളിച്ചുനീക്കി പുതിയ പാലം നിർമ്മിക്കുന്ന ജോലികൾ തുടങ്ങി. 15മീറ്റർ നീളത്തിലും 10മീറ്റർ വീതിയിലുമാണ് പുതിയ പാലത്തിന്റെ നിർമ്മാണം. ഇവിടുത്തെ പാടശേഖരത്തിലെ നെൽകൃഷിക്ക് ദോഷമുണ്ടാകാത്തവിധം വെള്ളം എത്തിക്കാനുള്ള നടപടികളും തുടങ്ങി.