ഇലവുംതിട്ട: ജാതിയുടെയും മതത്തിന്റെയും മതിലുകളെ തൂത്തെറിയാനാണ് മൂലൂർ പഠിപ്പിച്ചതെന്ന് വീണാ ജോർജ് എം.എൽ.എ പറഞ്ഞു. സരസകവി മൂലൂർ സ്മാരകത്തിന്റെ 31ാമത് വാർഷികവും 151ാമത് മൂലൂർ ജയന്തി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. 15 സ്‌കൂളുകൾ മൂലൂർ സ്ഥാപിച്ചു. തുമ്പമൺ - കോഴഞ്ചേരി റോഡിന്റെ രൂപീകരണത്തിന് നേതൃത്വം നൽകി. ഇന്നത്തെ മെഴുവേലിയും മൂലൂരും അദ്ദേഹത്തിന്റെ ശ്രമഫലമായാണ് ഉണ്ടായത്. ഏതു രംഗത്ത് പ്രവർത്തിക്കുന്നവരാണെങ്കിലും അതിൽ നിന്നുകൊണ്ട് സമൂഹത്തെ മുന്നോട്ട് നയിക്കണമെന്ന് അദ്ദേഹം കാട്ടിത്തന്നു. സംസ്ഥാന സർക്കാരിന്റെയും പുരാവസ്തു മന്ത്രിയുടെയും എല്ലാവിധ സഹായങ്ങളും മൂലൂരിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്കുണ്ടാകുമെന്ന് എം.എൽ.എ പറഞ്ഞു.
മുൻ എം.എൽ.എ കെ.സി രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വിനീതാ അനിൽ, മെഴുവേലി ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.എൻ രാധാചന്ദ്രൻ, മൂലൂർ സ്മാരക സമിതി സെക്രട്ടറി പ്രൊഫ. ഡി.പ്രസാദ്, പന്തളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണും മാനേജിംഗ് കമ്മിറ്റി അംഗവുമായ പിങ്കി ശ്രീധർ, വാർഡ് മെമ്പർ എ.ആർ. ബാലൻ എന്നിവർ പങ്കെടുത്തു.