ചെങ്ങന്നൂർ : ആലപ്പാട്ടരയന്മാർ ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ ശിവരാത്രിയോട് അനുബന്ധിച്ച് നടത്തുന്ന പരിശംവയ്പ്പ് 21ന് നടക്കും. കുഴിത്തുറ ഗ്രാമസേവാസംഘവും പറയകടവ് ശ്രീസുഗുണാനന്ദവിലാസം കരയോഗവും നേതൃത്വം നൽകും.
രാവിലെ ആറിന് പറയകടവ് പോന്നാഭഗവതി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ധിവരസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച് വൈകിട്ട് മൂന്ന് മണിയോടെ ഓച്ചിറ പരബ്രഹ്മ ക്ഷേത്രസന്നിധിയിൽ എത്തും. ഓച്ചിറയിൽ നിന്ന് പുറപ്പെടുന്ന ഘോഷയാത്രയെ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രസന്നിധിയിൽ വൈകിട്ട് 6.15ന് ദേവസ്വംഅധികൃതരും ചെങ്ങന്നൂർ ക്ഷേത്ര ഉപദേശകസമിതിയും ചേർന്ന് വരവേൽക്കും. തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. സജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷനാകും. 9 30ന് സംഗീതവിദ്വൽസദസ്സ്. പുലർച്ചെ ഒന്നിന് എഴുന്നെള്ളത്ത്. തുടർന്ന് രണ്ടുമണിക്ക് നിലവിളക്കിനു മുന്നിൽ ഇലയിട്ടു വെള്ളികുടത്തിൽ പരിശംവയ്ക്കും. പരിശവും പൊലിപണവും എണ്ണിതിട്ടപ്പെടുത്തി ദേവസ്വം അധികൃതരും ആലപ്പാട്ട് അരയന്മാരും ഒപ്പുവയ്ക്കുന്നുതോടുകൂടി ചടങ്ങ് അവസാനിക്കും പ്രസാദം സ്വീകരിച്ച് ബലിതർപ്പണം നടത്തി അരയന്മാർ മടങ്ങും. സുഗുണാനന്ദ വിലാസം കരയോഗം പ്രസിഡന്റ് ശരത്ചന്ദ്രൻ,കുഴിത്തുറ ഗ്രാമസേവാസംഘം പ്രസിഡന്റ് ബി. പ്രിയകുമാർ, മറ്റ് കരയോഗം പ്രസിന്റുമാരായ ഡി.ചിദംബരൻ, സതീശൻ, ദേവരാജൻ, കൃഷ്ണദാസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.