19raju
അട്ടത്തോട്ടിൽ നവീകരിച്ച കമ്മ്യൂണിറ്റി ഹാളിന്റെയും സൗരോർജ്ജവേലിയുടെയും ഉദ്ഘാടനം രാജു എബ്രഹാം എം.എൽ.എ നിർവഹിക്കുന്നു.

പത്തനംതിട്ട : സർക്കാർ 130കോടി രൂപ അനുവദിച്ച നിലയ്ക്കൽ കുടിവെള്ള പദ്ധതി പൂർത്തിയാകുന്നതോടെ അട്ടത്തോട്, തുലാപ്പള്ളി, ളാഹ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്ന് രാജു എബ്രഹാം എം.എൽ.എ പറഞ്ഞു. അട്ടത്തോട്ടിൽ നവീകരിച്ച കമ്മ്യൂണിറ്റി ഹാളിന്റെയും സൗരോർജവേലിയുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം.
അട്ടത്തോട്ടിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഉയർന്ന ക്ലാസുകളിൽ പഠിക്കാൻ കിസുമം സ്‌കൂളിലെത്തിച്ചേരാൻ നിലവിൽ നൽകിയിട്ടുള്ള ഒരു ബസിന് പുറമേ മറ്റൊന്നുകൂടി അനുവദിക്കാൻ നടപടി പൂർത്തിയായി വരുന്നതായി എം.എൽ.എ പറഞ്ഞു. കമ്മ്യൂണിറ്റി ഹാളിന്റെ നവീകരണത്തിനു സംസ്ഥാന സർക്കാറിന്റെ 6,20,000 രൂപയാണു ചെലവഴിച്ചത്. കൃഷിഭൂമിയിൽ വന്യജീവി അക്രമണം തടയാൻ രണ്ടര കിലോമീറ്റർ സൗരോർജവേലി നിർമിക്കാൻ 3,98,000 രൂപയുടെ സംസ്ഥാന സർക്കാർ ഫണ്ടാണു വിനിയോഗിച്ചത്.
ചടങ്ങിൽ പെരുന്നാട് ഗ്രാമപഞ്ചായത്തംഗം രാജൻ വെട്ടിക്കൽ അദ്ധ്യക്ഷത വഹിച്ചു. പി.ടി.സി.എഫ് ഗവേണിങ്ങ്‌ ബോർഡ് മെമ്പർജോഷി ആന്റണി മുഖ്യപ്രഭാഷണം നടത്തി. പെരിയാർ ടൈഗർ റിസർച്ച് വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ സി.കെ ഹാബി, പട്ടിക വർഗ ഊരുമൂപ്പൻ വി.കെ നാരായണൻ, അട്ടത്തോട് ഇ.ഡി.സി ചെയർമാൻമാരായ സുജൻ നെടുങ്ങോലിൽ,ഗോപി മൂഴിക്കൽ, സാപ്പ്‌കോൺഫെഡറേഷൻ ചെയർമാൻ സിബി സെബാസ്റ്റിയൻ എന്നിവർ സംസാരിച്ചു. കാട്ടു തീ പ്രതിരോധബോധവൽക്കരണ ക്ലാസ് പമ്പ റേഞ്ച്‌ ഫോറസ്റ്റ് ഓഫീസർ എൻ.കെ അജയഘോഷ് നയിച്ചു.