പത്തനംതിട്ട: നിരോധിച്ചെങ്കിലും വിട്ടൊഴിയാത്ത പ്ളാസ്റ്റിക്കിനെതിരെ പ്രതിരോധമൊരാക്കാൻ നഗരസഭ നടപടി ശക്തമാക്കുന്നു. ഉപയോഗിച്ചാൽ കനത്ത പിഴ ഇൗടാക്കാനാണ് നീക്കം. പരിശോധനയുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ പ്ളാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ പിടികൂടി. നിരോധനം നിലവിൽ വന്ന ശേഷം ഇതുവരെ നഗരസഭ പരിധിയിൽ നിന്ന് 250 കിലോ പ്ളാസ്റ്റിക് സാധനങ്ങൾ പിടിച്ചെടുത്തു.

പ്ളാസ്റ്റിക്കിന് പകരമുളള തുണിസഞ്ചികൾ, പേപ്പർ ബാഗ് തുടങ്ങിയവയുടെ പ്രദർശനവും ബോധവൽക്കരണ ക്ളാസും ടൗൺഹാളിൽ നടത്തി. പൊലൂഷൻ കൺട്രോൾ ബോർഡ്, ശുചിത്വമിഷൻ, ഹരിതകേരളം മിഷൻ എന്നിവയുടെ നേതൃത്വത്തിലാണ് പ്രദർശനം നടത്തിയത്.

പ്ളാസ്റ്റിക്കിനെതിരെ സെന്റ്പീറ്റേഴസ് ജംഗ്ഷൻ മുതൽ നഗരസഭാ ഒാപ്പൺ സ്റ്റേജ് വരെ വിളംബര റാലി നടത്തി. നഗരസഭ കൗൺസിലർമാർ, കുടുംബശ്രീ പ്രവർത്തകർ, എസ്.പി.സി, സന്നദ്ധ സേന, കോളേജ് - നഴ്സിംഗ് വിദ്യാർത്ഥികൾ, വ്യാപാരികൾ എന്നിവർ പങ്കെടുത്തു.

മൂന്ന് വട്ടം പിഴ; പിന്നെ ലൈൻസ് റദ്ദാക്കും

സ്ഥാപനങ്ങൾ പ്ളാസ്റ്റക് നിരോധനം ലംഘിച്ചാൽ മൂന്ന് ഘട്ടങ്ങളിലാണ് പിഴ. നാലാം ഘട്ടത്തിൽ ലൈസൻസ് റദ്ദാക്കും.

ആദ്യ തവണ 1000 രൂപ.

രണ്ടാം തവണ 25,000 രൂപ.

മൂന്നാം തവണ 50,000 രൂപ.

നാലാം തവണ ലൈസൻസ് റദ്ദാക്കും.

> '' പത്തനംതിട്ടയെ സമ്പൂർണ പ്ളാസ്റ്റിക് രഹിത ഗ്രാമമാക്കും. പകരം സംവിധാനം പ്രോത്സാഹിപ്പിക്കും.

റോസ് ലിൻ സന്തോഷ്, നഗരസഭ ചെയർപേഴ്സൺ.