അടൂർ : പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കിഫ്ബി ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്കായി ധൃതഗതിയിൽ റീസർവേ നടത്തി പുറമ്പോക്ക് ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ റീസർവേ വകുപ്പിൽ 36 ജീവനക്കാർക്ക് സ്ഥലംമാറ്റം. ഇവരെ ഇടുക്കി ജില്ലയിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് കഴിഞ്ഞ ദിവസംസർവേ ഡയറക്ടർക്കുവേണ്ടി അസി. സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. ഇത് ജില്ലയിലെ സർക്കാർ മേഖലയിലുള്ള നിരവധി വികസ പ്രവർത്തനങ്ങൾ സ്തംഭിക്കാൻ ഇടയാക്കും

ജില്ലയിലെ റീസർവേ ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ മതിയായ ജീവനക്കാരില്ലാത്ത അവസ്ഥ നിലനിൽക്കവേയാണ് ആറുമാസത്തെ ജോലി ക്രമീകരണ വ്യവസ്ഥയിൽ ഇടുക്കിയിലേക്കുള്ള കൂട്ട സ്ഥലംമാറ്റം. ജില്ലയിൽ നിന്ന് നിലവിലുള്ള 85 സർവേയർമാരിൽ 20 പേരേയും 10 ഡ്രാഫ്റ്റ്സ്മാൻമാർ, 4 ഹെഡ് സർവേയർമാർ, 2 ഹെഡ് ഡ്രാഫ്റ്റ്മാൻമാർ എന്നിവരെയാണ് സ്ഥലംമാറ്റുന്നത്. ഇതോടെ സർവേയർമാരുടെ എണ്ണം 65 ആയി ചുരുങ്ങുന്നതിനൊപ്പം ഡ്രാഫ്റ്റ്സ്മാൻമാരുടെ എണ്ണം 46 ൽ നിന്ന് മുപ്പത്തിയാറായും ഹെഡ് സർവേയർമാർ 15 ൽ നിന്ന് പതിനൊന്നായും ഹെഡ് ഡ്രാഫ്റ്റ്മാൻമാർ 8 ൽ നിന്ന് ആറായും ചുരുങ്ങും.

.സ്ഥലംമാറ്റം സർവേ ജോലികളുടെ തിരക്കിനിടെ

പത്തനംതിട്ട വില്ലേജിൽ ജി. പി. എസിന്റെ സഹായത്തോടെ ഡിജിറ്റൽ സർവേ നടന്നുവരികയായിരുന്നു. കിഫ്ബി പദ്ധതി വഴി തിരുവല്ല, അടൂർ, പത്തനംതിട്ട, മല്ലപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകൾ, പാലങ്ങൾ എന്നിവയുടെ നിർമ്മാണത്തിനായി പുറമ്പോക്ക് കൈയേറ്റങ്ങൾ കണ്ടെത്തുന്നതിനുള്ള സർവേ നടപടികളും പുരോഗമിക്കുന്നതിനിടെയിലാണ് കൂട്ട സ്ഥലംമാറ്റം. ഇത്തരം പ്രവർത്തനങ്ങൾ പൂർണമായും സ്തംഭിക്കുന്നതിന് ഇതിടവരുത്തും. ഇടുക്കി ജില്ലയിലെ റീസർവേ റിക്കാർഡിലെ അപാകതൾ കണ്ടെത്തി പരിഹരിക്കുന്നതിൽ കാലതാമസം വരുത്തിയതിൽ ഹൈക്കോടതി അതൃപ്തി പ്രകടപ്പിച്ച് സമയബന്ധിതമായി പൂർത്തീകരിക്കാൻ കർശന ഉത്തരവും നൽകിയിരുന്നു. ഇൗ സാഹചര്യത്തിലാണ് കുറവുള്ള 172 റീസർവേയർമാരെയും മറ്റ് ഉദ്യോഗസ്ഥരേയും വിവിധ ജില്ലകളിൽ നിന്നും ആറ് മാസത്തേക്ക് പുനർക്രമീകരിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയത്.

------------------

2016ലെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാതിരുന്ന റീസർവേ വകുപ്പ് 36 ജീവനക്കാരെ കൂട്ടത്തോടെ ഇടുക്കി ജില്ലയിലേക്ക് സ്ഥലംമാറ്റിയ നടപടി പ്രതിഷേധാർഹമാണ്. വിവിധ ജീവിത സാഹചര്യങ്ങളാൽ വീട്ടിൽ നിന്ന് മാറി നിൽക്കാൻ കഴിയാത്തവരും ഇക്കൂട്ടത്തിലുണ്ട്. അവരുടെ പരാതികൾ മുഖവിലയ്ക്കെടുക്കാതെ നടത്തിയ സ്ഥലംമാറ്റം തികച്ചും മനുഷ്യാവാകാശ ലംഘനമാണ്

ഹരികുമാർ പൂതങ്കര,

ഡി. സി. സി ജനറൽ സെക്രട്ടറി.