പത്തനംതിട്ട: പ്രളയാനന്തര പുനർ നിർമ്മാണത്തിന്റെ ഭാഗമായി ജില്ലയിൽ 477 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. 694 അപേക്ഷകളാണ് ലഭിച്ചിരുന്നത്. 100 വീടുകളുടെ മേൽക്കൂര വാർപ്പും 40 വീടുകളുടെ ലിന്റൽ വാർപ്പും പൂർത്തിയായി. അടിത്തറ കെട്ടിയിട്ടിരിക്കുന്ന 59 വീടുകളുണ്ട്.

നാല് ലക്ഷം രൂപയാണ് ഓരോ വീടിനും അനുവദിച്ചിരിക്കുന്ന തുക. മാർച്ച് 31നകം 600ൽ അധികം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാനാണ് ശ്രമമെന്ന് ജില്ലാ കളക്ടർ പി.ബി.നൂഹ് പറഞ്ഞു. പുനർനിർമ്മാണ പ്രവർത്തനങ്ങൾ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഗ്രിഗറി കെ. ഫിലിപ്പ്, ജില്ലയിലെ തഹസിൽദാർമാർ, ഡെപ്യൂട്ടി തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.