തിരുവല്ല: അപ്പർകുട്ടനാട്ടിലെ പ്രധാന യാത്രാപാതയായ തിരുവല്ല -അമ്പലപ്പുഴ റോഡിന്റെ പുനർനിർമ്മാണം അന്തർദ്ദേശീയ നിലവാരത്തിൽ പൂർത്തിയാക്കി.ദേശീയപാതയിൽ അമ്പലപ്പുഴ മുതൽ തിരുവല്ല നിയോജക മണ്ഡലത്തിലെ പൊടിയാടി ജംഗ്ഷൻ വരെ 22.56 കി.മീറ്റർ നീളത്തിൽ 70.75 കോടി രൂപ ചെലവഴിച്ചാണ് കിഫ്ബി പ്രവർത്തികളുടെ ആദ്യ സംരംഭമായ പദ്ധതി പൂർത്തീകരിച്ചത്.റബ്ബർ,പ്ലാസ്റ്റിക്,കയർ ഭൂവസ്ത്രം,കോൺക്രീറ്റ് ഡക്ടുകൾ എന്നിവ ഉൾപ്പെടുത്തി ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് റോഡ് പുനർനിർമ്മിച്ചത്.ചങ്ങനാശേരി-ആലപ്പുഴ റോഡ് വെള്ളപ്പൊക്കത്തിൽ മുങ്ങിയപ്പോൾ പ്രളയത്തെയും അതിജീവിക്കാൻ മണ്ണിട്ട് ഉയർത്തിയാണ് ഈ പാത പുനർനിർമ്മിച്ചിട്ടുള്ളത്.പമ്പാനദിക്ക് കുറുകെയുള്ള വലിയ പാലങ്ങളായ നീരേറ്റുപുറവും തകഴിയും ഈ പാതയിലുണ്ട്. പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളായ ചക്കുളത്തുകാവ് ക്ഷേത്രം,എടത്വാ പള്ളി,അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം,മണ്ണാറശാല,ഹരിപ്പാട് ക്ഷേത്രങ്ങളിലേക്ക് പോകുന്ന തീർത്ഥാടകർക്ക് പുനർനിർമ്മിച്ച റോഡ് ഏറെ ഗുണകരമാകും.പത്തനംതിട്ട-കോഴഞ്ചേരി-തിരുവല്ല പ്രദേശങ്ങളിൽ ഉള്ളവർക്ക് പൊടിയാടി-തകഴി വഴി എളുപ്പത്തിൽ അമ്പലപ്പുഴയിൽ ദേശിയ പാതയിൽ പ്രവേശിക്കാൻ ഈപാത ഉപകരിക്കും.പുനർനിർമ്മിച്ച റോഡിലെ പ്രധാന ഇടങ്ങളിൽ നടപ്പാത കൈവരി എന്നിവയുടെയും നിർമ്മാണം പൂർത്തിയായിട്ടുണ്ട്. റോഡിൽ മാർക്കിങ്ങുകൾ, ദിശാസൂചികകൾ എന്നിവ സ്ഥാപിക്കുന്ന പണിയും പൂർത്തിയാക്കി. പൊടിയാടി മുതൽ തിരുവല്ല വരെയുള്ള അഞ്ചു കിലോമീറ്റർ രണ്ടാംഘട്ടത്തിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു.
ഉദ്ഘാടനം ഇന്ന്
തിരുവല്ല: അന്തർദ്ദേശീയ നിലവാരത്തിൽ പുനർനിർമ്മിച്ച അമ്പലപ്പുഴ തിരുവല്ല റോഡിന്റെ ഒന്നാംഘട്ടം ഉദ്ഘാടനം ഇന്ന് രാവിലെ 10ന് പൊടിയാടി ജംഗ്ഷനിൽ നടക്കും.മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും.മാത്യു ടി.തോമസ് എം എൽ എ അദ്ധ്യക്ഷത വഹിക്കും.മന്ത്രി ഡോ.തോമസ് ഐസക്ക് മുഖ്യാതിഥിയാകും.എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി എന്നിവർ മുഖ്യപ്രഭാഷണം നടത്തും.പ്രോജക്ട് ഡയറക്ടർ ഡാർലിൻ കാർമലിറ്റഡിക്രൂസ് റിപ്പോർട്ട് അവതരിപ്പിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി,പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് അംബികാ മോഹൻകുമാർ,നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ,ബ്ലോക്ക് മെമ്പർ ബിനിൽകുമാർ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി സതീഷ്‌കുമാർ,മെമ്പർ രാജശ്രീ,പൊതുമരാമത്ത് സൂപ്രണ്ടിംഗ് എൻജിനിയർ ഇൻ ചാർജ്ജ് ബി.വിനു,എക്‌സിക്യുട്ടീവ് എൻജിനിയർ ആർ.അനിൽകുമാർ എന്നിവർ പ്രസംഗിക്കും.
---------------------------------------------------------------------------------
പൊടിയാടി ജംഗ്ഷൻ വരെ 22.56 കി.മീറ്റർ നീളത്തിൽ
70.75 കോടിയുടെ സംരംഭം