21-chuttipara
ചുട്ടിപ്പാറ മഹാദേവൻ ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ ക്ഷേത്രത്തിന്റെ ശിലാസ്ഥാപന കർമ്മം ക്ഷേത്രം തന്ത്രി സുര്യ കാലടി മനയിൽ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടും, ബ്രഹ്മശ്രീ മോഷ ഗിരിമഠം രമേഷ് ശർമ്മയും ചേർന്ന് നിർവഹിക്കുന്നു

പത്തനംതിട്ട : ചുട്ടിപ്പാറ മഹാദേവൻ ക്ഷേത്രത്തിലെ പുന:രുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. പഞ്ചാക്ഷരി മന്ത്രങ്ങളാൽ മുഖരിതമായ ആന്തരീക്ഷത്തിൽ ക്ഷേത്രംസ്ഥപതി വാസ്തുഭൂഷൺ രമേഷ് ശർമ്മ ഭദ്രദീപം തെളിയിച്ചു. ക്ഷേത്രം തന്ത്രി സൂര്യ കാലടി മനയിൽ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടും, മോഷ ഗിരിമഠം രമേഷ് ശർമ്മയും ചേർന്ന് ക്ഷേത്രത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. ചുട്ടിപ്പാറ മഹാദേവ ക്ഷേത്രം രാമായണവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ കൊണ്ടും, അയ്യപ്പ ചരിതവുമായി ബന്ധപ്പെട്ടും ഏറെ പ്രസിദ്ധമായ പുണ്യഭുമിയാണെന്ന് ക്ഷേത്രക്കമ്മിറ്റി രക്ഷാധികാരി കൂടിയായ വാസ്തുഭൂഷൺ രമേഷ് ശർമ്മ പറഞ്ഞു. രാമ ലക്ഷ്മണൻമ്മാരും സീതാദേവിയും വനവാസ കാലത്ത് ഇവിടെ ഏറെനാൾ താമസിച്ചിരുന്നതായും,ഹനുമാൻ സ്വാമി പല പ്രാവിശ്യം ഇവിടെ വന്നു പോയതായും ഐതിഹ്യമുള്ള മഹാ ക്ഷേത്രമാണ് ചുട്ടിപ്പാറയിൽ ഉള്ളത്. അനേകം മഹാമുനിമാർ തപസ് ചെയ്തിരുന്നതായി വിശ്വസിക്കപ്പെടുന്ന ചുട്ടിപ്പാറ മഹാദേവക്ഷേത്ര നിർമ്മാണം പൂർത്തിയാകുന്നതോടെ മദ്ധ്യകേരളത്തിലെ പ്രഥാന തീർത്ഥാടന കേന്ദ്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.ക്ഷേത്ര നിർമ്മാണം ഒരു വർഷം കൊണ്ട് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.സമുദ്രനിരപ്പിൽ നിന്ന് 1250 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ നിർമ്മാണ സാമഗ്രികൾ എത്തിക്കുക എന്നത് ഏറെ ശ്രമകരമാണ്.ക്ഷേത്ര കമ്മറ്റി ഭാരവാഹികളും ഭക്തരും ശ്രമദാനമായാണ് നിർമ്മാണ സാമഗ്രികൾ എത്തിക്കുന്നത്.ക്ഷേത്ര നിർമ്മാണത്തിന് ഒരു കോടി രൂപയോളം ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് അശോകൻ പി.താന്നിമൂട്ടിൽ, ജനറൽ കൺവീനർ രാജീവ് രാഗലയം, സെക്രട്ടറി സി.ടിരഞ്ജിത്ത് കുമാർ, ജോയിന്റ് സെക്രട്ടറി സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു.