പത്തനംതിട്ട: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനകീയ പ്രക്ഷോഭ ജ്വാലയോട് സഹകരിക്കാതിരുന്ന രണ്ട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ പുറത്താക്കി. കോയിപ്രം, കൊല്ലമുള മണ്ഡലം പ്രസിഡന്റുമാരായ സുബിൻ നീറംപ്ലാക്കൽ, ഇ.വി.വർക്കി എന്നിവർക്കെതിരെയാണ് നടപടി. അതാത് സ്ഥലങ്ങളിലെ ബ്ലോക്ക് പ്രസിഡന്റുമാർക്ക് പകരം ചുമതല നൽകി.

ബാബു ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഡി.സി.സി യോഗമാണ് നടപടിയെടുത്തത്. മണ്ഡലം, ബ്ളോക്ക്, ഡി.സി.സി ഭാരവാഹികളാണ് യോഗത്തിൽ പങ്കെടുത്തത്. നടപടിക്ക് വിധേയരായ മണ്ഡലം പ്രസിഡന്റുമാർ യോഗത്തിന് എത്തിയില്ല. ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.ശരത്ചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയംഗം പ്രൊഫ. പി.ജെ.കുര്യൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.ശിവദാസൻനായർ, പഴകുളം മധു, യു.ഡി.എഫ് കൺവീനർ പന്തളം സുധാകരൻ, കെ.പി.സി.സി അംഗം മാലേത്ത് സരളാദേവി, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം, റെജി തോമസ്, ജോൺസൺ വിളവിനാൽ, ലാലു ജോൺ, സുനിൽ എസ്.ലാൽ, മാന്താനത്ത് നന്ദകുമാർ, കെ.എൻ.അച്യുതൻ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാർ ചർച്ചകളിൽ പങ്കെടുത്തു.

സി.എ.ജിറിപ്പോർട്ടിലൂടെ പുറത്തുവന്ന പൊലീസിലെ അഴിമതിയിൽ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കുമുളള പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 6ന് പന്തംകൊളുത്തി പ്രകടനവും നികുതി വർദ്ധനവിനെതിരെ 26 ന് വില്ലേജ് ഓഫീസുകൾക്ക് മുൻപിൽ കൂട്ട ധർണ്ണയും നടത്താൻ തീരുമാനിച്ചു. മാർച്ച് 7ന് പൊലിസ് സ്റ്റേഷൻ മാർച്ച് നടത്തും.