തിരുവല്ല: പെരിങ്ങരയിൽ വയോധികനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ, ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി മകനെ പുളിക്കീഴ് പൊലീസ് അറസ്റ്റുചെയ്തു. പെരിങ്ങര വാഴുവേലിൽ വീട്ടിൽ ശ്രീകുമാറിനെയാണ് (39) പിടികൂടിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പിതാവ് ചന്ദ്രശേഖരൻപിള്ള (68)യുമായി ശ്രീകുമാർ വഴക്കുണ്ടായി.ഇതിൽ മനംനൊന്താണ് ചന്ദ്രശേഖരൻപിള്ള ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ വീടിനു സമീപത്തെ ഷെഡിനുള്ളിലാണ് ചന്ദ്രശേഖരപിള്ളയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മകന്റെ മർദ്ദനത്തിൽ ഇടതുകയ്യിൽ മുറിവേറ്റിട്ടുണ്ടെന്നും, വാരിയെല്ലുകൾ ഒടിഞ്ഞ നിലയിലാണെന്നും മൃതദേഹ പരിശോധനയിൽ ഡോക്ടർമാർ കണ്ടെത്തിയിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.