somasekharan

> കുമ്പഴ ബസ് അപകടത്തിന് അടുത്തമാസം 30ന് 50 വയസ്

> 34 യാത്രക്കാർ തൽക്ഷണവും 12പേർ ചികിത്സയിലും മരിച്ചു

പത്തനംതിട്ട: അവിനാശിയിൽ കെ.എസ്.ആർ.ടി.സി ഗരുഡ വോൾവോ ബസിൽ കണ്ടെയ്നർ ലോറിയിടിച്ച് 19 മലയാളികൾ മരണമടഞ്ഞ ദുരന്തത്തിൽ കേരളം വിങ്ങുമ്പോൾ, സംസ്ഥാനത്തെ ഏറ്റവും വലിയ ബസ് അപകടത്തിന്റെ ഒാർമകൾ പത്തനംതിട്ടക്കാരുടെ മനസിൽ നിന്ന് മാഞ്ഞിട്ടില്ല. 1970 മാർച്ച് 30ന് മലയാലപ്പുഴയ്ക്കടുത്ത് കുമ്പഴയിൽ അമിത വേഗതയിൽ ഇറക്കം ഇറങ്ങിയ കോമോസ് എന്ന സ്വകാര്യ ബസ് മറിഞ്ഞ് 46 പേരാണ് മരിച്ചത്. മൈലാടുപാറ കണിക്കുന്ന് വളവിൽ നിയന്ത്രണം വിട്ട് പാളിയ ബസ് മറിഞ്ഞ് തിട്ടയിലും മരത്തിലുമായി ഇടിച്ചു നിൽക്കുകയായിരുന്നു. തിങ്ങിഞെരുങ്ങിയും ശ്വാസംമുട്ടിയും 34 പേർ സംഭവസ്ഥലത്തു വച്ചും 12പേർ ചികിത്സയിലിരിക്കെയും മരിച്ചു. മൃതദേഹങ്ങൾക്കിടയിൽ നിന്ന് പലരെയും പുറത്തെടുത്ത് രക്ഷപെടുത്താൻ കഴിഞ്ഞു. സംസ്ഥാനത്ത് നടന്ന ബസ് അപകടങ്ങളിൽ കൂടുതലാളുകൾ മരിച്ച സംഭവമായാണ് ഇത് അറിയപ്പെടുന്നത്.

കെ.എസ്.ആർ.ടി.സി എത്തിയില്ല, വന്നത് ദുരന്തം

ബസ് സൗകര്യം കുറവായിരുന്ന അക്കാലത്ത് 125 യാത്രക്കാരുമായിട്ടായിരുന്നു ബസ് മലയാലപ്പുഴയിൽ നിന്ന് തിരിച്ചത്. ഇന്നത്തെപ്പോലെ വിവരങ്ങൾ വേഗത്തിൽ കൈമാറാൻ മൊബൈൽ ഫോണും ടെലിവിഷനും ഇല്ലാതെ, വാഹനങ്ങളും കുറവായിരുന്ന കാലത്ത് നാട്ടുകാർ അംബാസഡർ ടാക്സി കാറുകളിൽ മരിച്ചവരെയും പരിക്കേറ്റവരെയും അന്നത്തെ പത്തനംതിട്ട താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രാവിലെ ഒൻപതിന് നടന്ന അപകടത്തിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും മലയാലപ്പുഴ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയവരുമായിരുന്നു യാത്രക്കാരിലേറെയും.

മലയാലപ്പുഴ - പത്തനംതിട്ട റൂട്ടിൽ പതിവായുണ്ടായിരുന്ന ഏക കെ.എസ്.ആർ.ടി.സി ബസ് ഇല്ലാതിരുന്നതിനെ തുടർന്ന് കാത്തു നിന്ന യാത്രക്കാർ പിന്നീട് വന്ന കോമോസ് ബസിൽ കയറുകയായിരുന്നു. പുതുക്കുളത്ത് നിന്ന് ഒാച്ചിറയിലേക്ക് സർവീസ് ആരംഭിച്ച ബസിൽ മലയാലപ്പുഴ കഴിഞ്ഞ് കാഞ്ഞിരപ്പാറ ജംഗ്ഷനിൽ എത്തിയപ്പോഴേക്കും കാൽ കുത്താൻ സ്ഥലമില്ലാത്ത വിധം യാത്രക്കാരായിരുന്നു. ബസിന്റെ ഫുട്ബോർഡിലും യാത്രക്കാർ തൂങ്ങിനിന്നു. മൈലാടുപാറ കണിക്കുന്ന് വളവിലെത്തിയപ്പോൾ കാൽനട യാത്രക്കാരൻ കുറുക്ക് ചാടിയതോടെ ബസിന്റെ നിയന്ത്രണം പാളിയാണ് ദുരന്തമുണ്ടായത്. റേഡിയോ വാർത്തയിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

പരിക്കേറ്റവരുടെ തുടർ ചികിത്സക്ക് വീടുകളിലും മലയാലപ്പുഴ എസ്.എൻ.ഡി.പി സ്കൂളിലും ഒരു മാസം നീണ്ട മെഡിക്കൽ ക്യാമ്പ് നടന്നു.

>>

സ്കൂളിലേക്ക് പോകാൻ ബസിൽ കയറി;

പിന്നെ ബോധം തിരിച്ചുകിട്ടിയത് ഒരു മാസം കഴിഞ്ഞ്

'' രാവിലെ പ്രമാടം നേതാജി സ്കൂളിലേക്ക് പോകാൻ വീട്ടിൽ നിന്നിറങ്ങിയതാണ്. വിരമിക്കുന്ന അദ്ധ്യാപകർക്കുളള യാത്രയയപ്പ് ആയിരുന്നതിനാൽ എങ്ങനെയും നേരത്തേ സ്കൂളിലെത്തണമായിരുന്നു. പതിവായുണ്ടായിരുന്നു കെ.എസ്.ആർ. ടി.സി ബസ് ഇല്ലെന്ന് അറിഞ്ഞു. പിന്നീട് വരുന്ന കോമോസ് ബസിൽ കയറാൻ കാഞ്ഞിരപ്പാറ ജംഗ്ഷനിൽ നിന്നു. ബസ് വരുമ്പോൾ നിറയെ യാത്രക്കാരായിരുന്നു. അതിൽ തിങ്ങിഞെരുങ്ങി കയറിയത് ഒാർമയുണ്ട്. എന്തോ സംഭവിച്ചുവെന്ന് തോന്നി. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രയിൽ, ഒരുമാസം കഴിഞ്ഞാണ് ബോധം തെളിഞ്ഞത്''- അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ റിട്ട. ഹെഡ്മാസ്റ്റർ മലയാലപ്പുഴ ദീപ്തിയിൽ കെ.കെ.സോമശേഖരൻ പറയുന്നു.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ട് വർഷത്തെ തുടർ ചികിത്സയ്ക്ക് ശേഷമാണ് സോമശേഖരന് എഴുന്നേറ്റ് നടക്കാനായാത്. ഇപ്പോൾ 87വയസുണ്ട്.