കടമ്പനാട് : ലക്ഷക്കണക്കിന് ജനങ്ങൾക്ക് കുടിവെള്ളവും കാർഷികാവിശ്യത്തിനും ജലമെത്തിക്കാൻ ഫണ്ടനുവദിക്കുന്നതിന് സർക്കാരിന് പണമില്ല.കെ.ഐ.പി കനാൽ ശൃംഖലവഴി വെള്ളമെത്തിക്കുന്നതിന് കനാൽ നവീകരണത്തിന് സർക്കാർ ഈ വർഷം അനുവദിച്ചത് 1കോടി രൂപയാണ്.മുൻവർഷങ്ങളിൽ അഞ്ച് കോടിരൂപ മുതൽ ഏഴ് കോടിരൂപ വരെ അനുവദിച്ചിരുന്നിടത്താണ് ഈ വർഷം ഒരുകോടി രൂപ അനുവദിച്ചത്.തൊഴിലുറപ്പ് പദ്ധതി പ്രകാരം കനാൽ ശുചീകരണങ്ങൾ നടത്തുന്നതിൽ ഏറ്റവും കൂടുതൽ കാലതാമസം വരുത്തിയത് പത്തനംതിട്ട ജില്ലയാണ്.കൊല്ലത്തും ആലപ്പുഴയിലും സാങ്കേതികതടസങ്ങൾ ഒന്നുമില്ലാതെ തൊഴിലുറപ്പ് പദ്ധതിയിൽ നവീകരണം സാദ്ധ്യമാക്കിയപ്പോൾ ആവർത്തനസ്വഭാവമുള്ള പദ്ധതികൾ ഏറ്റെടുക്കണ്ടന്ന കേന്ദ്രസർക്കാർ നിർദ്ദേശം ചൂണ്ടികാട്ടി പത്തനംതിട്ടയിൽ നടപ്പാക്കിയില്ല.ഇത് സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയപ്പോൾ 59 ലക്ഷം രൂപകൂടി അനുവദിച്ചു.പന്തളം ബ്രാഞ്ച് കനാലിൽ നിന്നും വള്ളികോട്,നരിയാപുരം,തുമ്പമൺ,മല്ലിക,പറന്തൽ,തൃപ്പാറ,തുടങ്ങി പതിനഞ്ചോളം ഉപകനാലുകളുണ്ട്.ഈ ഒരു കനാലിലും വെള്ളം എത്തിക്കാൻ കഴിഞ്ഞിട്ടില്ല.പള്ളിക്കൽ പഞ്ചായത്തിൽ തെങ്ങമം,ചെറുകുന്നം ഭാഗങ്ങളിൽ വെള്ളമെത്തിയിട്ടില്ല.കോന്നി,കലഞ്ഞൂർ, മുറിഞ്ഞകൽ,കൊടുമൺ,ഏനാദിമംഗലം,വാഴമുട്ടം എന്നിവിടങ്ങളിൽ മെയിൻകനാലുകളിൽ വെള്ളമെത്തിയിട്ടുണ്ടെങ്കിലും അളവ് തീരെ കുറവായതിനാൽ കിണറുകളിലേക്ക് വെള്ളമെത്തിയിട്ടില്ല.ഈ കനാലും പകുതിയിലധികം ഭാഗവും വൃത്തിയാക്കിയിട്ടില്ല.
കനാലുകളിൽ മാലിന്യം തള്ളുന്നു
കനാലിൽ വൻ തോതിൽ മാലിന്യം തള്ളുന്നതിനാൽ മലിനജലമാണ് ഇപ്പോൾ ഒഴുകിയെത്തുന്നത് .തൊഴിലുറപ്പ് പദ്ധതിപ്രകാരം വരും വർഷങ്ങളിൽ കനാൽ നവീകരണം നടത്തുന്നതിന് നിയമപരമായ തടസങ്ങൾ ബന്ധപെട്ട ഉദ്യോഗസ്ഥർ ചൂണ്ടികാട്ടുമ്പോൾ കെ.ഐ.പിക്ക് മതിയായ ഫണ്ട് സർക്കാർ അനുവദിക്കാത്തതും വരും വർഷങ്ങളിൽ കനാൽ മാർഗമുള്ള ഈ ജലസേചന വിതരണം കൂടുതൽ പ്രതിസന്ധിയിലാക്കും.കനാലിന്റെ സൈഡ് കോൺക്രീറ്റിംഗ് അടക്കമുള്ള ജോലികൾ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കാമെന്നിരിക്കെ ഇത് കെ.ഐ.പി അനുമതി നൽകുന്നില്ലെന്നാണ് തൊഴിലുറപ്പു പദ്ധതിയുമായിബന്ധപെട്ട ഉദ്യോഗസ്ഥർ പറയുന്നത്.കോൺക്രീറ്റ് ജോലികൾ കെ.ഐ.പി ചെയ്യുന്ന സാങ്കേതികതികവോടെ ചെയ്യാൻ തൊഴിലുറപ്പ് പദ്ധതിക്ക് കഴിയാത്തതാണ് അനുമതി നൽകാത്തതെന്നാണ് കെ.ഐ.പി അധികൃതരുടെ വാദം.
വളരെ ആഴമുള്ള സ്ഥലങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളെകൊണ്ട് നവീകരണം അസാദ്ധ്യവുമാണ്.തുവയൂർ ജംഗ്ഷന് സമീപം അൻപതടിയിൽ കൂടുതൽ ആഴമുണ്ട്. കനാലിന് തൊഴിലുറപ്പ് പദ്ധതി പ്രകാരം വരും വർഷങ്ങളിൽ കനാൽ നവീകരണം നടത്താനുള്ള നിയമപരമായ തടസങ്ങൾ മനസിലാക്കി കെ.ഐ.പിക്ക് ആവിശ്യമായ ഫണ്ടനുവദിച്ച് കനാൽ നവീകരണം വളരെ നേരത്തെ സാദ്ധ്യമാക്കണം.
എ.ആർ അജീഷ്കുമാർ
(കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ്)
- പന്തളം ബ്രാഞ്ച് കനാലിൽ നിന്ന് 15 ഉപകനാലുകൾ
-ജില്ലയിലെ പല ഭാഗത്തും വെള്ളമില്ല
-മൂന്ന് ജില്ലകൾക്ക് കൂടി കനാൽ നവീകരണത്തിന് അനുവദിച്ചത് 1 കോടി
-പിന്നീട് 59 ലക്ഷംകൂടി അനുവദിച്ചു
-മുൻ വർഷങ്ങളിൽ 5 മുതൽ 7 കോടി വരെ
-ശുചീകരണത്തിന് ഏറ്റവും താമസം വരുത്തിയത് പത്തനംതിട്ട ജില്ല