പയ്യന്നാമൺ: ഒരു കാലത്ത് സാധാരണക്കാരന്റെ ദാഹമകറ്റിയിരുന്ന വട്ടു സോഡകൾ നാടൊഴിഞ്ഞെങ്കിലും പയ്യന്നാമണ്ണിൽ ഇപ്പോഴും വട്ടുസോഡയ്ക്ക് സ്ഥാനമുണ്ട്. പയ്യനാമൺ ജംഗ്ഷന് സമീപം കച്ചവടം നടത്തുന്ന കാലായിൽ രാജൻനായരുടെ കടയിലെ സ്പെഷ്യൽ കൂൾ ഡ്രിംഗ്സായ ശക്തിമാൻ കുളിരുന്നത് വട്ടു സോഡയുടെ പിൻബലത്തിലാണ്. കഴിഞ്ഞ 40 വർഷങ്ങളായി വട്ട് സോഡ ഉപയോഗിച്ച് നിർമ്മിക്കുന്ന ശക്തിമാൻ നാട്ടുകാർക്ക് പ്രിയങ്കരമാണ്.
സ്വന്തമായുള്ള പഴയ മിഷീനിലാണ് 67 കാരനായ രാജൻനായർ ഇപ്പോഴും സോഡ നിർമ്മിക്കുന്നത്. മുൻപ് ജില്ലയുടെ കിഴക്കൻ മലയാര മേഖലയിലെ ഒട്ടുമിക്ക കടകളിലും പെട്ടികളിലാക്കി സോഡ സൈക്കളിലെത്തിച്ച് കച്ചവടം ചെയ്തിരുന്നു രാജൻ നായർ. കല്ല് സോഡ, ഓട്ടി സോഡ, ഗോലിസോഡ, എന്നീ പേരുകളിലും വട്ട് സോഡ അറിയപ്പെട്ടിരുന്നു. ഇഗ്ലണ്ട്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ആദ്യകാലത്ത് കുപ്പികൾ എത്തിയിരുന്നത്. ഇപ്പോൾ കുപ്പികൾ ലഭ്യമല്ല. നാരങ്ങാവെള്ളകടകളിലെ ഒരു കാലത്തെ താരമായിരുന്ന വട്ട് സോഡകൾ അരങ്ങൊഴിഞ്ഞുതോടെ രാജൻ നായർ തന്റെ കടയിലെ ആവശ്യത്തിന് മാത്രമേ ഇപ്പോൾ ഇത് ഉണ്ടാക്കുന്നുള്ളു. ഇതിനായി പഴയ മുകൾഭാഗം ശഖ് പോലെ പിരിത്തിരിക്കുന്ന പച്ചനിറമുള്ള 100 സോഡ കുപ്പികളുണ്ട്. ഇപ്പോൾ സോഡ മെഷീന്റെ പാർട്‌സുകൾ ലഭ്യമല്ല. മുൻപ് ഈ മേഖലയിൽ സജീവമായിരുന്നവർ കുപ്പികളും ഉപകരണങ്ങളുമായി കളമൊഴിഞ്ഞതോടെ തമിഴ്‌നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നാണിവ ഇപ്പോൾ കണ്ടെത്തുന്നത്. 40 വർഷം മുൻപ് കട തുടങ്ങുമ്പോൾ 20 പൈസയായിരുന്നു ഒരു സോഡയുടെ വില. എൺപതുകളുടെ അവസാനം വരെയുണ്ടായിരുന്ന വട്ട് സോഡകൾ പുതിയ തലമുറയ്ക്ക് അപരിചിതമായിരുന്നിട്ടും പയ്യാന്നാമണ്ണിൽ ശക്തിമാനെന്ന സ്വന്തം ദാഹശമനി നിർമ്മിക്കുകയാണ് രാജൻ നായർ.
വളരെ ശ്രദ്ധയോടെ വേണം കുപ്പിൽ ഗ്യാസ് നിറയ്ക്കാൻ. മെഷീനിൽ 3 തവണയിൽ കൂടുതൽ കുപ്പികറക്കിയാൽ പൊട്ടിത്തെറിക്കും, കുപ്പിക്കുള്ളിൽ ഉപ്പും കാർബൺ ഡയോക്‌സൈഡും ചേർന്നാലും ഇത് സംഭവിക്കും. 1980 ൽ സോഡകുപ്പി പൊട്ടിത്തെറിച്ച് തനിക്കും, ഒരു തൊഴിലാളിക്കും പരിക്കേറ്റിരുന്നു.
രാജൻ നായർ
ശക്തിമാന്റെ രഹസ്യം
നാരങ്ങനീര്, വൻതേൻ, പഞ്ചസാര, കാന്താരിമുളക്, ടാങ്ക്, ഗ്ലൂക്കോസ് ഡി, വട്ട്‌സോഡ എന്നിവയാണ് ചേരുവകൾ. വില: 20 രൂപ