dog
പേപ്പട്ടിയുടെ കടിയേറ്റ ഭാഗം

തണ്ണിത്തോട്: മണ്ണീറയിൽ പേപ്പട്ടിയുടെ ആക്രമണത്തെ തുടർന്ന് പത്തോളം പേർക്കും വളർത്തുമൃഗങ്ങൾക്കും പരുക്കേറ്റു. പരുക്കേറ്റയാളുകളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച വൈകിട്ട് 5നും, ഇന്നലെ പുലർച്ചെ 4നും ഇടയിലാണ് മണ്ണീറയിലെ വിവിധ പ്രദേശങ്ങളിൽ പേപ്പട്ടിയുടെ ആക്രമണമുണ്ടായത്​. മണ്ണീറ ഫോറസ്റ്റേഷൻ ഭാഗം മുതൽ തലമാനം വരെയുള്ള വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന പ്രദേശവാസികൾക്കാണ് പരുക്കേറ്റത്. മണ്ണീറ സ്വദേശികളായ ജിബിൻ,സൗദമ്മ, മനോജ്,രജേഷ്, സിജോ,ലിബിൻ,കണ്ണൻ തുടങ്ങി നിരവധി പേർക്ക് നായയുടെ കടിയേറ്റു. കൈയ്ക്കും കാലുകൾക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരുക്കേറ്റ ഇവരെ തണ്ണിത്തോട് കുടുംബരോഗ്യ കേന്ദ്രത്തിലും കോന്നിയിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.മണ്ണീറ സ്വദേശി കുപ്പക്കര വീട്ടിൽ ബാബുവിന്റെ പശുവിനും നായയുടെ ആക്രമണത്തിൽ പരുക്കേറ്റു.മണ്ണീറയിലെ വിവിധ സ്ഥലങ്ങളിൽ വീട്ടിൽ വളർത്തിയിരുന്ന 12 നായകൾക്കും കടിയേറ്റിട്ടുണ്ട്.തലയ്ക്ക് മുകളിലാണ് നായകൾക്ക് പലതിനും കടിയേറ്റിരിക്കുന്നത്.

വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകി

ആക്രമണത്തിൽ പരുക്കേറ്റ വളർത്ത് മൃഗങ്ങൾക്ക് തണ്ണിത്തോട് വെറ്റിനറി ഡോക്ടർ ബിനുരാജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രതിരോധ കുത്തിവെയ്പുകൾ നൽകി.പശുവിന്റെ മൂക്കിന്റെ ഭാഗത്താണ് നായയുടെ കടിയേറ്റത്. മുണ്ടോംമൂഴി മണ്ണീറ റോഡിൽ ബൈക്കിൽ സഞ്ചരിച്ചിരുന്നവർക്കും നായയുടെ ആക്രമണത്തിൽ പരുക്കേറ്റു.തുടർന്ന് കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവർക്ക് നേരേയും നായയുടെ ആക്രമണമുണ്ടായെങ്കിലും ഇവർ കടിയേൽക്കാതെ രക്ഷപ്പെട്ടു.മണ്ണീറ ആദിവാസി കോളനിയിലെ വളർത്ത് നായകളെയും തെരുവ് നായ ആക്രമിച്ചതായി സംശയമുണ്ട്.ആദ്യം ആക്രമിച്ച നായ പിന്നീട് ചത്തെങ്കിലും ഇതിന്റെ കടിയേറ്റ നായ പ്രദേശത്ത് ഇപ്പോഴും ഭീതി പരത്തുകയാണ്​.

-വീട്ടിൽ വളർത്തുന്ന 12 നായ്ക്കൾക്ക് കടിയേറ്റു

-പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ