ഇലവുംതിട്ട: സാഹിത്യകാരന്മാർ നിശബ്ദരാകാൻ പാടില്ലെന്ന് വീണാ ജോർജ് എം.എൽ.എ പറഞ്ഞു. സരസകവി മൂലൂർ സ്മാരകത്തിൽ അവാർഡ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. സാഹിത്യത്തിൽ ഒഴുക്കിനെതിരെ നീന്തിയ വ്യക്തിയാണ് സരസകവി മൂലൂർ. മൂലൂരിന്റെ കവി രാമായണം കവിത ഒരു പ്രവേശന വിളംബരമായിരുന്നു. മൂലൂരിനെ ഓർക്കുമ്പോൾ മനുഷ്യന്റെ ഉള്ളിൽ ഒരു സ്വയം വിമർശനം ആവശ്യമാണെന്നും എം.എൽ.എ പറഞ്ഞു.
34ാമത് മൂലൂർ അവാർഡ് വിനോദ് വൈശാഖിക്കും നവാഗത കവികൾക്കായുള്ള ആറാമത് മൂലൂർ പുരസ്‌കാരവും പ്രശസ്തിപത്രവും സുഭാഷ് കുഞ്ഞുകൃഷ്ണനും ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് സമ്മാനിച്ചു. വിനോദ് വൈശാഖിയുടെ 'കൈതമേൽപച്ചയ്ക്ക് 25001 രൂപയും പ്രശസ്തിപത്രവും സുഭാഷ് കുഞ്ഞുകൃഷ്ണന്റെ 'വരാൻ പോകുന്ന ഇൻസ്റ്റലേഷൻസ് എന്ന കവിതയ്ക്ക് 10001 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരമായി ലഭിച്ചത്.
മൂലൂർ സ്മാരക സമിതി പ്രസിഡന്റ് പി.വി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. വിധി നിർണയ സമിതി ചെയർമാനും സംസ്ഥാന വിവരാവകാശ കമ്മിഷൻ അംഗവുമായ ഡോ.കെ.വി.സുധാകരൻ, മൂലൂർ സ്മാരകം പ്രസിഡന്റ് കെ.സി. രാജഗോപാൽ, സെക്രട്ടറി പ്രൊഫ.ഡി.പ്രസാദ്, സ്മാരക സമിതി പ്രസിഡന്റ് പി.വി.മുരളീധരൻ, ജനറൽ സെക്രട്ടറി വി.വിനോദ്, കെ.എൻ.ശിവരാജൻ, പി.ഡി. ബൈജു, ഡോ. അനു ഹരിലാൽ തുടങ്ങിയവർ പങ്കെടുത്തു.