തിരുവല്ല: അമ്പലപ്പുഴ - തിരുവല്ല റോഡിന്റെ രണ്ടാംഘട്ടത്തിലെ പൊടിയാടി - തിരുവല്ല ഭാഗം ഉൾപ്പെടെ ആധുനികവൽക്കരിക്കാൻ 77 കോടി രൂപയ്ക്ക് സർക്കാർ അംഗീകാരം നൽകിയതായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ പറഞ്ഞു. അന്തർദ്ദേശീയ നിലവാരത്തിൽ നവീകരിച്ച പൊടിയാടി - അമ്പലപ്പുഴ റോഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. രണ്ടാംഘട്ടത്തിന്റെ ടെൻഡർ ഉടൻ നടത്തി ഈ സർക്കാരിന്റെ കാലയളവിൽ തന്നെ നിർമ്മാണം പൂർത്തിയാക്കും. പൊടിയാടി മുതൽ തിരുവല്ല വരെ നാലര കിലോമീറ്റർ നിലവിലുള്ള കെ.എസ്.ടി.പിയുടെ റോഡിന്റെ വശങ്ങൾ നിർമ്മിച്ച് നവീകരിക്കും. ഇതോടൊപ്പം അമ്പലപ്പുഴ റോഡിലെ പടിഞ്ഞാറൻ ഭാഗങ്ങളിൽ പണിയാതിരുന്ന ചെറിയ 15 പാലങ്ങൾ പുനർനിർമ്മിക്കും. തകഴി, എടത്വ, നീരേറ്റുപുറം പാലങ്ങൾക്ക് നടപ്പാത, റോഡിന്റെ വശങ്ങളിൽ ഇന്റർലോക്ക് നടപ്പാത, പൈപ്പുകൾ സ്ഥാപിക്കാനുള്ള ഡക്ടുകൾ, നാല് ബസ് കാത്തിരിപ്പ് കേന്ദ്രം, സൗരോർജ്ജ വിളക്കുകൾ, മറ്റു സൗന്ദര്യവൽക്കരണ പ്രവർത്തികൾ എന്നിവ റോഡിൽ പൂർത്തിയാക്കും. ചങ്ങനാശ്ശേരി - ആലപ്പുഴ റോഡ് വെള്ളപ്പൊക്കത്തെ അതീജീവിക്കുന്ന തരത്തിൽ 500 കോടി ചെലവഴിച്ചു നവീകരിക്കും. പത്തനംതിട്ടയിൽ മാത്രം 34 പാലങ്ങൾ ഈ സർക്കാർ പണിതു. നിലംനികത്തി ഒരു റോഡും പണിയാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. വികസന പ്രവർത്തനങ്ങളിൽ പാളിച്ചയുണ്ടെങ്കിൽ ചൂണ്ടിക്കാട്ടണം. കക്ഷിരാഷ്ട്രീയമില്ലാതെ നാടിന്റെ സമ്പൂർണ്ണ വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മാത്യു ടി തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് അംബികാ മോഹൻകുമാർ, നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ, ബ്ലോക്ക് മെമ്പർ ബിനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി സതീഷ്‌കുമാർ, മെമ്പർ രാജശ്രീ, കെ.അനന്തഗോപൻ, വിക്ടർ ടി. തോമസ്, ആർ.സനൽകുമാർ, ഫ്രാൻസിസ് വി.ആന്റണി, അലക്സ് കണ്ണമല, മുണ്ടക്കൽ ശ്രീകുമാർ, ബാബു കല്ലുങ്കൽ, പൊതുമരാമത്ത് സൂപ്രണ്ടിംഗ് എൻജിനിയർ ഇൻ ചാർജ്ജ് ബി.വിനു, എക്‌സിക്യുട്ടീവ് എൻജിനിയർ ആർ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.