janeesh-kumar

ചിറ്റാർ : ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ ജനങ്ങൾ ഒന്നിച്ച് നിന്ന് പൗരത്വ ഭേദഗതി നിയമത്തിനെയും ദേശീയ പൗരത്വരജിസ്റ്ററിനെയും എതിർത്ത് തോൽപ്പിക്കണമെന്ന് അഡ്വ.കെ.യു. ജനീഷ്​കുമാർ എം.എൽ.എ. ചിറ്റാർ, പെരുനാട്, റാന്നി ഏരിയാ സംയുക്ത ജമാഅത്തുകളുടെ നേതൃത്വത്തിൽ ചിറ്റാറിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതം നോക്കി പൗരത്വം നിർണിയിക്കുന്നതാണ് ദേശീയ പൗരത്വ നിയമ ഭേദഗതി. രാജ്യത്തെ ജനങ്ങളെ അനാഥരാക്കുന്ന ഫാഷിസ്റ്റ് ചിന്തയിൽ നിന്നാണ് പൗരത്വ ബിൽ ഉടലെടുക്കുന്നത്. ചാതുർവർണ്യ വ്യവസ്ഥയിൽ അധിഷ്ഠിതമായ ഹിന്ദു രാജ്യമാണ് ആർ.എസ്.എസ് ലക്ഷ്യമിടുന്നത്. ഫാഷിസ്റ്റുകളായ ഹിറ്റ്‌​ലറും മുസ്സോളിനിയും ലക്ഷ്യമിട്ട വംശശുദ്ധീകരണമാണ് ഇത്. ആർ.എസ്.എസിന്റെ ഈ അജണ്ടയാണ് പൗരത്വ നിയമഭേദഗതിയിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമിത്ഷായും നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗം ചിറ്റാർ 86 ചീഫ് ഇമാം മൗലവി സിറാജുദ്ദീൻ ബാഖവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് എച്ച് അബ്ദുൽ റസാഖ് അദ്ധ്യക്ഷത വഹിച്ചു. കേരളാ മുസ്ലീം യുവജന ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കാരാളി ഇ.കെ.സുലൈമാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തി. ഇമാം മൗലവി ഷമ്മാസ് ബാഖവി, ആരിഫ് മൗലവി, എം.എച്ച്.അബ്ദുൽ റഹീം മൗലവി, നൗഷാദ് മൗലവി അൽ ഖാസിമി, ജലാൽ മൗലവി, നാസർ പഴകുളം സംസാരിച്ചു.