പത്തനംതിട്ട: ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളം പദ്ധതിയുടെ മറവിൽ നടത്താനുദ്ദേശിക്കുന്ന ഭൂമിക്കച്ചവടം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി ദളിത് മുന്നേറ്റ സമിതി മാർച്ച് നടത്തുമെന്ന് പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഹാരിസൺ മലയാളം നിയമവ്യവസ്ഥ ലംഘിച്ച് മുറിച്ചുവിറ്റതും സർക്കാർ നിയോഗിച്ച റവന്യു സ്‌പെഷൽ ഓഫീസർ ഡോ. രാജമാണിക്യം വില്പന റദ്ദാക്കിയതുമായ ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളം നിർമ്മിക്കാനെന്ന പേരിൽ സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുള്ള നടപടി ദുരൂഹമാണ്. 2264 ഏക്കർ ഭൂമിയിൽ വിമാനത്താവളത്തിന് പരമാവധി 600 ഏക്കർ മതിയെന്നിരിക്കേ ബാക്കി ഭൂമി ഒരു വിദേശ വ്യവസായിക്ക് കൈമാറി ശതകോടികളുടെ കച്ചവടത്തിനാണ് ശ്രമിക്കുന്നതെന്ന് ശ്രീരാമൻ കൊയ്യോൻ പറഞ്ഞു.
നാളെ രാവിലെ 10ന് പത്തനംതിട്ടയിൽ നിന്നാരംഭിക്കുന്ന മാർച്ച് ദേശീയ ട്രേഡ് യൂണിയൻ നേതാവ് മുൻ എംപി തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കെ. റോയിസൺ മുഖ്യപ്രഭാഷണം നടത്തും. അന്നു വൈകുന്നേരം റാന്നിയിൽ യാത്ര സമാപിക്കും. 25നു രാവിലെ എട്ടിന് മാർച്ച് പുനരാരംഭിച്ച് 11ന് ചെറുവള്ളി എസ്റ്റേറ്റിൽ എത്തും.
സമിതി ജില്ലാ പ്രസിഡന്റ് കെ.കെ. കേശവൻ, സെക്രട്ടറി സരസ്വതി കൃഷ്ണൻകുട്ടി, കമ്മിറ്റിയംഗങ്ങളായ എ.ടി. രാജപ്പൻ, ടി. ശശി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.