നാരങ്ങാനം : മഠത്തുംപടി ഭദ്രകാളി ക്ഷേത്രത്തിലെ പടയണി മഹോത്സവത്തിന്റെ മൂന്നാം ദിനത്തിൽ അടവിയും കൂട്ടക്കോലം വഴിപാട് സമർപ്പണവും നടന്നു. പൈതൃക കലാകളരിയുടെ ആഭിമുഖ്യത്തിൽ ഗോകുൽ ഗോപിനാഥിന്റെ ശിക്ഷണത്തിൽ പരിശീലിച്ച കുട്ടികളുടെ അരങ്ങേറ്റവും നടന്നു. തുടർന്ന് വെളിച്ചപ്പാട് ഇറങ്ങി കരയുടെ പ്രശ്‌നങ്ങളും പ്രതിവിധികളും പറഞ്ഞു. തുടർന്ന് കാരിമുറ്റം വേലായുധനാശാനും പിൻഗാമികളും പറകൊട്ടി. വെളിച്ചപ്പാട് തുള്ളി ഉറഞ്ഞ പോയ ദിക്കിലേക്ക് കരവാസികൾ മരഅടവി എടുത്തു.
വാഴ, കവുങ്ങ്, തെങ്ങ്, പന, ആല്, മാവ് തുടങ്ങിയവ പിഴുത് വള്ളപ്പാട്ട്, ചെണ്ടമേളം, താലപ്പൊലി, തീവെട്ടി എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തി വലത്തുവച്ച് അടവി സമർപ്പണം നടത്തി. വഴിപാടായി സമർപ്പിച്ച കൂട്ടക്കോലം കളത്തിലെത്തി കാപ്പൊലിച്ചു. കുതിര,ഗണപതി, കൂട്ടമറുത,കാലൻ, സുന്ദരയക്ഷി,പക്ഷി, കാഞ്ഞിരമാല,ഭൈരവി എന്നീ കോലങ്ങൾ തുള്ളിഉറഞ്ഞു. കരക്കാരിൽ നിന്ന് കാർഷിക വിളകൾ ശേഖരിച്ച് അടവിപ്പുഴുക്ക് തയാറാക്കി ഭക്തജനങ്ങൾക്ക് ദീപാരാധനയ്ക് ശേഷം നൽകി.
പൈതൃകകലാകളരി ആശാന്മാരായ കുട്ടപ്പൻ നായർ, മന്മഥൻ നായർ, പ്രസിഡന്റ് മനോജ് കുമാർ കെ.എസ്, സെക്രട്ടറി ഗോപു വി.നായർ, സംയുക്ത സമാജം പ്രസിഡന്റ് ടി.വി.രാജീവ്, സെക്രട്ടറി ചന്ദ്രശേഖരൻ നായർ, ഖജാൻജി വി.ഐ.ഹരീഷ്, സബ്കമ്മിറ്റി ചെയർമാൻ കെ.ജി സുരേഷ് കുമാർ,കൺവീനർ പി.കെ.അഭിലാഷ് എന്നിവർ പങ്കെടുത്തു.