അടൂർ : ഒാരോ മാസവും കടത്തിൽ നിന്നും കടത്തിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ആർ ടി.സിയെ രക്ഷിക്കേണ്ടത് അരുടെ കടമയെന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമേയുള്ളൂ. ജീവനക്കാർ.എന്നാൽ അതേ ജീവനക്കാർ തന്നെ അന്തകനായാലോ.അതിനും ഉത്തരം നൽകാൻ കഴിയും.അടൂർ ഡിപ്പോയെന്ന്. വകുപ്പ് മന്ത്രിയേയും എം.ഡിയേയും തെറ്റിദ്ധരിപ്പിച്ച് സ്വകാര്യ സർവീസുകളെ സഹായിക്കുന്ന ഗൂഡപദ്ധതിയാണ് കെ.എസ്.ആർ.ടി.സിയിൽ നടക്കുന്നതെന്ന ആരോപണത്തിന് ഉദാഹരണങ്ങൾ ഏറെ. ഭരണമുന്നണിയിൽപെട്ട യൂണിയനുകൾ പോലും പുലർത്തുന്ന മൗനം ആരെ സഹായിക്കാൻ.? കഴിഞ്ഞ രണ്ടുവർഷത്തിലേറെയായി അടൂർ ഡിപ്പോയിൽ നിന്നും വളരെ പ്രതീക്ഷയോടെയും വരുമാനത്തിൽ നഷ്ടമില്ലാത്ത നിലയിലും നടത്തിയ സർവീസുകൾ ഇല്ലാതാക്കിയ കഥ വായനക്കാർക്ക് മുന്നിൽ..

ചവിട്ടി നീക്കം ....കൂപ്പുകുത്തി

സ്വകാര്യ ബസുകളുടെ കുത്തകയാണ് അടൂർ - കൊടുമൺ - ചന്ദനപ്പള്ളി - പത്തനംതിട്ട റൂട്ട്. രാവിലെ ആറിന് മുന്നേയും രാത്രി 8ന് ശേഷവും ഇൗ റൂട്ടിൽ ബസില്ല. വർഷമായി ഇതാണ് സ്ഥിതി.സമയക്രമത്തിൽ മാറ്റം വരാത്തതോടെയാണ് കെ.എസ്.ആർ.ടി.സി ഇൗ റൂട്ടിൽ സർവീസിൽ ആരംഭിക്കണമെന്ന ആവശ്യം ശക്തമായത്. ചെയിൻ സർവീസ് തുടങ്ങാനുള്ള കെ.എസ്.ആർ.ടി.സി യുടെ നീക്കം സ്വകാര്യ ലോബികൾ തുടക്കത്തിലേ മുടക്കാൻ ശ്രമം നടത്തി.നാല് വർഷത്തോളം നീണ്ട നീക്കത്തിന് മുന്നിൽ നെഞ്ച് വിരിച്ച് പത്തനംതിട്ട,അടൂർ ഡിപ്പോകളുടെ സഹകരണത്തോടെ അടൂർ -ആങ്ങമൂഴി ചെയിൻ സർവീസുകൾ ആരംഭിച്ചു.9000 രൂപ വരെ ഒരു ബസിന് കളക്ഷൻ ലഭിച്ചതോടെ സ്വകാര്യ ബസുകളുടെ വരുമാനം കുത്തനെ കുറഞ്ഞു.പുലർച്ചെ അഞ്ച് മുതൽ രാത്രി 10.30 വരെ ഇൗ റൂട്ടിൽ ബസ് സർവീസ് ലഭ്യമായതും യാത്രക്കാരുടെ സ്വീകാര്യത ഏറെവർദ്ധിപ്പിച്ചു.ഒാരോ 15 മിനിട്ട് ഇടവിട്ട് നടത്തിയ ചെയിൻ സർവീസ് പിന്നീട് അരമണിക്കൂറും ഒരുമണിക്കൂറും രണ്ടു മണിക്കൂറുമായി ചവിട്ടിനീക്കി. ഒടുവിൽ കൂപ്പുകുത്തിയത് പ്രതീഷയോടെ തുടങ്ങിയ ചെയിൻ സർവീസ്.ഇന്ന് കണ്ണിൽ പൊടിയിടാൻ വേണ്ടി അടൂർ ഡിപ്പോയിൽ നിന്നും ആങ്ങംമൂഴി ബോർഡ് വെച്ചു പോകുന്ന ബസ് തിരികെ പത്തനംതിട്ടയിലെത്തി വീണ്ടും രണ്ട് ട്രിപ്പ് ആങ്ങം മൂഴിയിലേക്ക് പോയി,തിരികെ അടൂരിലെത്തുന്ന അവസ്ഥയിൽ കൊണ്ടെത്തിച്ചു.ഇതോടെ അടൂർ ഡിപ്പോയ്ക്ക് കിട്ടികൊണ്ടിരുന്ന പ്രതിദിന വരുമാനത്തിൽ ഉണ്ടായത് ഗണ്യമായ കുറവാണ്.

തുടരും.